കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു; 11 മണിക്ക് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വയ്ക്കാനൊരുങ്ങുന്നു. നിലപാട് വ്യക്തമാക്കാന്‍ 11 മണിക്ക് അനില്‍കുമാര്‍ മാധ്യമങ്ങളെ കാണും. തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനില്‍കുമാര്‍ രാജിക്കൊരുങ്ങുന്നത്.

പാര്‍ട്ടി വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സസ്‌പെന്‍ഷന് പിന്നാലെ അനില്‍കുമാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ വിശദീകരണത്തില്‍ കെപിസിസി നേതൃത്വം തൃപ്തരായിരുന്നില്ല. ഡിസിസി പുനഃസംഘടനയെ വിമര്‍ശിച്ച് മാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും അനില്‍കുമാറിനൊപ്പം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

യോഗ്യതയില്ലാത്ത പലരും ഡിസിസി അധ്യക്ഷ സ്ഥാനത്തെത്തിയതായാണ് അനില്‍കുമാര്‍ ആരോപിച്ചത്. സസ്‌പെന്‍ഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡിസിസി ഓഫീസില്‍ കയറാന്‍ ആളുകള്‍ ഇനി ഭയക്കുമെന്നും അനില്‍ കുമാര്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ പുറത്താക്കുകയും കൂട്ടിക്കൊടുക്കുന്നവനെയും ഇഷ്ടക്കാരനെയും പാര്‍ട്ടിക്കകത്ത് വെച്ചുചേര്‍ക്കുകയുമാണ് ചെയ്യുന്നത്. പകുതിയിലേറെ പേരും അങ്ങനെ വന്നതാണെന്നും അനില്‍ കുമാര്‍ പ്രതികരിച്ചിരുന്നു.

Top