വരുന്ന വാര്‍ത്തകളില്‍ പലതും തെറ്റ്, പ്രചരിക്കുന്നത് ലീഗിനെ താറടിക്കാനുള്ള ശ്രമങ്ങള്‍: കെപിഎ മജീദ്

കോഴിക്കോട്: മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് കെപിഎ മജീദ്. മുഈനലി തങ്ങളുടെ നടപടി തെറ്റായിപ്പോയെന്ന് യോഗത്തില്‍ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവന്നതെന്നും കെ ടി ജലീലിന്റെ പ്രസ്താവന മുസ്ലിം ലീഗിനെ താറടിക്കാനുള്ള ശ്രമമാണെന്നും കെപിഎ മജീദ് പറഞ്ഞു.

യോഗത്തില്‍ താന്‍ പൊട്ടിത്തെറിച്ചെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. കുപ്രചാരണങ്ങള്‍ നടത്തി ലീഗിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൂടിയാലോചനകള്‍ നടത്തി പുതിയ കര്‍മ്മ പദ്ധതികളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും കെപിഎ മജീദ് പറഞ്ഞു.

‘യോഗത്തില്‍ വളരെ കാര്യഗൗരവത്തോടെയും തര്‍ക്കങ്ങളില്ലാതെയും ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഒറ്റപ്പെടുത്തി, പൊട്ടിത്തെറിച്ചു എന്നൊക്കെ ഈ യോഗത്തെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതില്‍ അര ശതമാനം പോലും വാസ്തവമില്ല. ഞാന്‍ യോഗത്തില്‍ പൊട്ടിത്തെറിച്ചു എന്നൊക്കെ പറയുന്നത് പൂര്‍ണമായും സത്യവിരുദ്ധമാണ്. ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ, വളരെ ശാന്തമായാണ് ഇന്നലെ യോഗം അവസാനിപ്പിച്ചത്.

കള്ളവാര്‍ത്തകളും കുപ്രചാരണങ്ങളും നടത്തി മുസ്ലിംലീഗിനെ തകര്‍ക്കാമെന്ന് ആരും വിചാരിക്കേണ്ട. വലിയ പ്രതിസന്ധികള്‍ തരണം ചെയ്ത് ജനങ്ങളുടെ അംഗീകാരം നേടിയ പാര്‍ട്ടിയാണിത്. കൂടിയാലോചിച്ചും കൂട്ടുത്തരവാദിത്തത്തോടെയും പുതിയ കര്‍മ്മ പദ്ധതികളുമായി പാര്‍ട്ടി മുന്നോട്ട് പോകും. അതിനിടയില്‍ കുളം കലക്കാന്‍ വരുന്നവരെ തിരിച്ചറിയാനുള്ള വിവേകം പാര്‍ട്ടി നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കുമുണ്ട്’.
കെപിഎ മജീദ് വ്യക്തമാക്കി.

മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണ്ടെന്നാണ് മലപ്പുറത്ത് ഇന്നലെ ചേര്‍ന്ന് യോഗത്തില്‍ തീരുമാനിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു യോഗം. പാണക്കാട് കുടുംബാംഗങ്ങളും ലീഗ് ദേശീയ നേതൃത്വവും പങ്കെടുത്ത യോഗത്തില്‍ മുഈനെതിരെ കടുത്ത നടപടി ഇല്ലെന്നാണ് തീരുമാനമായത്. കെ ടി ജലീലിനു പിന്നാലെയാണ് മുഈനലിയും കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങളുമായി എത്തിയത്.

 

Top