തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം നാളെ വൈകുന്നേരത്തോടെ പൂര്‍ത്തിയാകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയസാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്വീകരിക്കുന്ന മാനദണ്ഡമെന്നും വ്യക്തി താല്‍പര്യങ്ങളെ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ നടക്കുകയാണ്. ഉന്നത നേതാക്കളുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തിയ ശേഷമേ അന്തിമതീരുമാനത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, വയലാര്‍ രവി തുടങ്ങി നേതാക്കള്‍ ഒഴിച്ച് ബാക്കി എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തതായും ഓരോ നിയോജകമണ്ഡലങ്ങളിലേയും വിജയസാധ്യതകളും അവ സംബന്ധിച്ച റിപ്പോര്‍ട്ടുകളും വച്ചുള്ള വിശദമായ ചര്‍ച്ചയാണ് ഇന്നു നടന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി അവരെ മത്സരിപ്പിക്കുക എന്നതാണ് ഇത്തവണത്തെ നയം. എല്ലാ മണ്ഡലങ്ങളിലും അതാതു സ്ഥലത്തേക്ക് യോജിച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സാധിക്കും എന്നാണ് ഇതുവരെ നടന്ന ചര്‍ച്ചകളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. ഇവിടെ തയ്യാറാക്കുന്ന പട്ടിക ഹൈക്കമാന്‍ഡിലേക്ക് അയച്ചു കൊടുക്കും. അവിടെ നിന്നും സമ്മതം ലഭിച്ച ശേഷമായിരിക്കും ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പീതാംബരക്കുറുപ്പിന്റെ മാത്രമല്ല ഒരു സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും ഇതുവരെ തീരുമാനങ്ങളൊന്നും ആയിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഘട്ടത്തിലൂടെ ചര്‍ച്ചകള്‍ കടന്നുപോകുന്നതേയുള്ളൂ. അഭിപ്രായങ്ങള്‍ സ്വരൂപിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. അഭിപ്രായ സമന്വയം ഉണ്ടായ ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുയെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇന്നു രാവിലെ കെ.പി.സി.സി. ആസ്ഥാനത്തു നടന്ന പ്രതിഷേധത്തെക്കുറിച്ചും മറ്റു ഭാഗങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങളെക്കുറിച്ചും ഇന്നു ചേര്‍ന്ന യോഗം വളരെ വിശദമായി തന്നെ ചര്‍ച്ച ചെയ്തിരുന്നു. ഒരു തരത്തിലുള്ള അച്ചടക്കലംഘനവും പാര്‍ട്ടി വച്ചു പൊറുപ്പിക്കില്ല. എല്ലാവരുമായും ആലോചിച്ച് ഏകകണ്ഠമായി എടുക്കുന്ന തീരുമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടാവുക. ആ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിച്ചുകഴിഞ്ഞാല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആ തീരുമാനം ബാധകമാണ്. ആ തീരുമാനത്തെ ലംഘിക്കുന്ന തരത്തില്‍ ആരു പെരുമാറിയാലും കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗത്തു നിന്നും അവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടിയുണ്ടാകുമെന്നും മുല്ലപ്പള്ളി വിശദീകരിച്ചു.
കെ.പി.സി.സി. ആസ്ഥാനത്ത് നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.