സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും

തിരുവനന്തപുരം: അഞ്ച് നിയമസഭകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും. വൈകീട്ട് യുഡിഎഫ് യോഗവും നടക്കും.

കോന്നിയില്‍ അടൂര്‍പ്രകാശ് മുന്നോട്ട് വെച്ച റോബിന്‍ പീറ്ററിനെ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജില്ലയിലെ നേതാക്കള്‍. സാമൂദായിക-ഗ്രൂപ്പ് സമവാക്യം ഉറപ്പാക്കി മറ്റ് മൂന്നിടത്തും സമവായത്തിലെത്താനാണ് നേതാക്കളുടെ ശ്രമം.

വട്ടിയൂര്‍കാവും അരൂരും വെച്ച് മാറണമെന്ന എ ഗ്രൂപ്പ്‌നിര്‍ദ്ദേശം ഐ ഗ്രൂപ്പ് തള്ളി. ഇതോടെ അരൂരില്‍ പ്രതീക്ഷ വെച്ചിരുന്ന ഷാനിമോള്‍ ഉസ്മാന് തിരിച്ചടിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ഷാനിക്ക് അരൂര്‍ നല്‍കണമെന്ന് പല നേതാക്കള്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ എ ഗ്രൂപ്പിന്റെ സീറ്റായതിനാല്‍ വിട്ടുകൊടുക്കാന്‍ ഇവര്‍ തയ്യാറല്ല.

കെ രാജീവ്, എസ് രാജേഷ് അടക്കമുള്ള ജില്ലയിലെ എ വിഭാഗം നേതാക്കളുടെ പേരും പരിഗണിക്കുന്നുണ്ട്. കെവി തോമസ് അവകാശ വാദം ഉന്നയിക്കുമ്പോഴും ടിജെ വിനോദിനാണ് എറണാകുളത്ത് മുന്‍തൂക്കം. തെരഞ്ഞെടുപ്പ് സമിതിയില്‍ അന്തിമ തീരുമാനമാകാനുള്ള സാധ്യതകുറവാണ്. തീരുമാനമെടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്താനാണ് സാധ്യത.

Top