കോൺഗ്രസ്സിൽ മുഖ്യമന്ത്രി പദമോഹം, എം.പി സ്ഥാനം വേണ്ടെന്ന് നേതാക്കൾ !

ലോകസഭ സീറ്റ് വേണ്ട എന്ന് പറയുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉന്നംവയ്ക്കുന്നത് മുഖ്യമന്ത്രി കസേര.

എം.പി ആയാല്‍ പിന്നീട് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തഴയപ്പെടുമെന്നതാണ് പിന്‍മാറ്റത്തിന് കാരണം. അര ഡസന്‍ നേതാക്കളാണ് മുഖ്യമന്ത്രി കുപ്പായവും തുന്നി ഇരിക്കുന്നത്. അതിമോഹമാണ് ഇതെന്ന് ഒരുവിഭാഗം അനുയായികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത് ഇവര്‍ കണ്ട ഭാവം പോലും നടിക്കുന്നില്ല.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, കെ.സുധാകരന്‍ എന്നിവരാണ് ഹൈക്കമാന്റും കെ.പി.സി.സി നേതൃത്വവും താല്‍പര്യപ്പെട്ടിട്ടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

വടകരയില്‍ നിന്നും മൂന്നാം ഊഴത്തിന് താനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി കഴിഞ്ഞു. മുല്ലപ്പള്ളിയുടെയും ഉന്നം മുഖ്യമന്ത്രി കസേര തന്നെയാണ്. അധികാര സ്ഥാനങ്ങളോട് എന്നും ആര്‍ത്തി കാട്ടാത്ത വി.എം.സുധീരനും ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ്. ഇനി ഹൈക്കമാന്റ് കര്‍ശന നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഇവര്‍ നിലപാട് പുന:പരിശോധിക്കുകയുള്ളൂ. അതിന് പക്ഷേ സാധ്യത വിരളമാണ്.

2021ല്‍ നടക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രി ആകുക എന്നത് മാത്രമാണ് ഈ നേതാക്കളുടെ ലക്ഷ്യം. അതിന് എം.പി സ്ഥാനം പാരയാകുമെന്ന് അവര്‍ ഭയക്കുന്നു. ഇപ്പാഴത്തെ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ ഭരണത്തില്‍ വരുമെന്ന ഉറപ്പില്ലാത്തതും പിന്‍മാറ്റത്തിന് പ്രധാന ഘടകമാണ്.

ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്ക് പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.മുരളീധരനും മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന കേരള ചരിത്രം മുന്‍ നിര്‍ത്തിയാണ് ഈ പ്രതീക്ഷകളെല്ലാം.

സോളാര്‍ വിവാദത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനവും മുന്നണി ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുക്കാതിരുന്ന ഉമ്മന്‍ ചാണ്ടി ശക്തമായി തിരിച്ചു വരാനുള്ള ശ്രമത്തിലാണ്.

ആന്ധ്രയുടെ ചുമതല രാഹുല്‍ ഗാന്ധി നല്‍കിയപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ ഏറ്റെടുത്തതിന് പ്രവര്‍ത്തക സമിതി അംഗത്വം തന്നെ ഉമ്മന്‍ചാണ്ടിയ്ക്ക് ലഭിച്ചു.

നിലവില്‍ ഉമ്മന്‍ ചാണ്ടിക്ക് പുറമെ കേരളത്തില്‍ നിന്നും എ.കെ.ആന്റണിയും കെ.സി വേണുഗോപാലും മാത്രമാണ് പ്രവര്‍ത്തക സമിതിയിലുള്ളത്. പി.സി ചാക്കോ ആകട്ടെ ക്ഷണിതാവ് മാത്രമാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തഴഞ്ഞാണ് കെ.സി വേണുഗോപാലിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രമേശ് ചെന്നിത്തലക്ക് കീഴില്‍ ഒരേ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ച വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയതും ചെന്നിത്തലയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.

കേന്ദ്രമല്ല കേരളം തന്നെയാണ് കേരള നേതാക്കളെ സംബന്ധിച്ച് അന്നും ഇന്നും പ്രധാനം. അതും മുഖ്യമന്ത്രി കസേര മാത്രം. അതേസമയം, ഉമ്മന്‍ ചാണ്ടി അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എ ഗ്രൂപ്പ്.

ഡല്‍ഹിക്ക് പറഞ്ഞ് വിട്ട് ഒതുക്കി കളയാമെന്ന് ധരിക്കേണ്ടന്നാണ് മുഖ്യമന്ത്രി മോഹികള്‍ക്ക് എ ഗ്രൂപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇക്കാര്യം ഗ്രൂപ്പ് യോഗം വിളിച്ച് ചേര്‍ത്ത് തന്നെ എ ഗ്രൂപ്പ് നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. 2021ല്‍ ഉമ്മന്‍ ചാണ്ടി തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്നാണ് എ ഗ്രൂപ്പ് വ്യക്തമാക്കുന്നത്.

ഘടകകക്ഷികളായ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും ഉമ്മന്‍ ചാണ്ടിയെയാണ് പിന്തുണയ്ക്കുക എന്നതാണ് അവരുടെ ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനം.

ഐ ഗ്രൂപ്പ് ആകട്ടെ ആകെ പരിതാപകരമായ അവസ്ഥയിലാണിപ്പോള്‍. പല തട്ടിലാണ് ഈ ഗ്രൂപ്പിലെ നേതാക്കള്‍. ചെന്നിത്തലയുടെ സാധ്യതക്ക് സ്വന്തം ഗ്രൂപ്പില്‍ തന്നെയാണ് വലിയ പാരകള്‍. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല പരാജയമാണെന്നാണ് ഗ്രൂപ്പിലെ തന്നെ പ്രബല വിഭാഗം കരുതുന്നത്.

വേണുഗോപാലിനെയും മുരളീധരനെയും അനുകൂലിക്കുന്നവര്‍ ചേരിതിരിഞ്ഞാണ് നില്‍ക്കുന്നത്. കെ.സുധാകരനെ അനുകൂലിക്കുന്നവരും ഐ ഗ്രൂപ്പില്‍ ശക്തമാണ്. ഒരു ഗ്രൂപ്പിലും പെടാത്ത മുല്ലപ്പള്ളിയും വി.എം സുധീരനും ക്ലൈമാക്‌സില്‍ ഗോളടിക്കുമോ എന്ന ആശങ്കയും ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുണ്ട്.

political reporter

Top