ആര്യാടന്‍ ഷൗക്കത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച് കെപിസിസി

തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച് കെപിസിസി. ആര്യാടന്‍ ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്ന് കെപിസിസി നേതൃത്വം പറയുന്നു. വിശദീകരണം തൃപ്തികരമല്ല. ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നുമാണ് കെപിസിസി നിലപാട്. അതേസമയം, ഷൗക്കത്ത് നല്‍കിയ മറുപടിയില്‍ അച്ചടക്ക സമിതി ചേര്‍ന്നാകും തീരുമാനമെടുക്കുക. ആര്യാടന്‍ ഷൗക്കത്തിന് വീണ്ടും നോട്ടീസ് നല്‍കും.

പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം. ഫൗണ്ടേഷന്റെ പരിപാടിയില്‍ പാര്‍ട്ടി വിരുദ്ധത എന്താണ്. എന്തിന് വേണ്ടിയാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും ഇത് പലസ്തീന് വേണ്ടി മാത്രം ഉള്ള പരിപാടിയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞിരുന്നു. കെപിസിസി വിലക്ക് ലംഘിച്ചാണ് ആര്യാടന്‍ ഫൗണ്ടേഷനായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കെപിസിസിയുടെ കത്ത് കിട്ടി. ഇന്ന് തന്നെ കത്തിന് മറുപടി നല്‍കും. വ്യക്തതയും വരുത്തുമെന്നും ആര്യാടന്‍ ഷൗക്കത്ത് പരിപാടിക്കിടെ പ്രതികരിച്ചു. കെപിസിസിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ചില നേതാക്കള്‍ പിന്‍മാറിയെങ്കിലും സാമുദായിക നേതാക്കള്‍ ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂരും സമസ്ത പ്രതിനിധിയായി ഡോ മുഹമ്മദ് നദ് വിയും പരിപാടിക്ക് എത്തിയിരുന്നു.

Top