കോൺഗ്രസിലെ ‘അരിക്കൊമ്പന്മാരെ’ തളയ്ക്കണമെന്ന് അൻവർ സാദത്ത്

തിരുവനന്തപുരം : നേതൃത്വത്തെ നിരന്തരം കുറ്റപ്പെടുത്തുന്ന ശശിതരൂരിനും കെ.മുരളീധരനുമെതിരെ കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ കൂട്ട വിമർശനം. തരൂർ എത്ര സ്വാധീനമുള്ള ആളാണെങ്കിലും നയപരമായ കാര്യങ്ങളിൽ ലക്ഷ്മണരേഖ ലംഘിച്ചുവെന്ന് പിജെ കുര്യൻ പറഞ്ഞു. പാർട്ടിയിലെ അരിക്കൊമ്പന്മാരെ ഉടൻ തളക്കണമെന്നായിരുന്നു അൻവർ സാദത്തിൻറെ വിമർശനം. നിങ്ങൾക്ക് പുന:സംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ടെന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷൻ വൈകാരിക പ്രസംഗം നടത്തി.

തരൂരും മുരളിയും എൻകെ രാഘവനും നേതൃത്വത്തിനെതിരെ നടത്തുന്ന വിമർശനങ്ങൾക്കെതിരെയായിരുന്നു എക്സിക്യുട്ടീവിലെ പൊതുവികാരം. പ്രതിപക്ഷ നേതൃ സ്ഥാനം പ്രാദേശിക പാർട്ടികൾക്ക് നൽകണമെന്ന തരൂരിൻറെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന അടക്കം ഉന്നയിച്ച് മുതിർന്ന നേതാവ് പിജെ കുര്യൻ കടുപ്പിച്ചു.

നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നു. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം തരൂരിന് അറിയില്ല. കെപിസിസി അധ്യക്ഷൻ തരൂരിനെ വിളിച്ച് സംസാരിക്കണമെന്നും കുര്യൻ ആവശ്യപ്പെട്ടു.

മുതിർന്ന നേതാക്കൾ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് വഴി നിരന്തരം വിവാദങ്ങളിലാകുന്ന പിണറായി സർക്കാരിന് നേട്ടം ആകുന്നുവെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻറെ വിമർശനം. പാർട്ടിയെ എന്നും സമ്മർജ്ജത്തിലാക്കുന്ന അരിക്കൊമ്പന്മാരെ ഉടൻ തളക്കണമെന്ന് അൻവർ സാദത്തും കെപിസിസി ഓഫീസിലേക്ക് എല്ലാം ദിവസവും ഒരു കല്ലെങ്കിലുമെറിഞ്ഞില്ലെങ്കിൽ ചില നേതാക്കൾക്ക് ഉറക്കം വരില്ലെന്ന് എംഎം നസീറും തുറന്നടിച്ചു. പഴകുളം മധു, ജോൺസൺ എബ്രഹാം, വിപി സജീന്ദ്രൻ അടക്കമുള്ളവരും സ്ഥിരം വിമർശകരെ പൂട്ടണമെന്നാവശ്യപ്പെട്ടു.

Top