തിരുവനന്തപുരം: കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് ഭാരവാഹി യോഗവും നാളെ കെപിസിസി എക്‌സിക്യൂട്ടീവും യോഗം ചേരും. കെപിസിസി പുനസംഘടന വേഗത്തിലാക്കാനുള്ള ചര്‍ച്ചകളാകും നേതൃ യോഗത്തിന്റെ മുഖ്യ അജണ്ട.
പുനഃസംഘടന വൈകുന്നത് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനത്തിന് വഴി വെച്ചേക്കും. ബ്ലോക്ക്, മണ്ഡലം പുനസംഘടന ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കി, എത്രയും പെട്ടെന്ന് ഡിസിസി ഭാരവാഹികളെ നിശ്ചയിക്കാനാണ് ആലോചിക്കുന്നത്. ഇതിനായി ജില്ലാ തലങ്ങളില്‍ സബ് കമ്മറ്റികളെ ഉടന്‍ തീരുമാനിക്കും.
ശശി തരൂര്‍ വിവാദം അടക്കം സമീപകാല രാഷ്ട്രീയ സ്ഥിതിഗതികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളും ഇടപെടലും അവസാനിപ്പിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയേക്കും. പരസ്യ ചര്‍ച്ചകള്‍ക്കും വിവാദ പ്രസ്താവനകള്‍ക്കും വില്‍ക്കേര്‍പ്പെടുത്തും.
കെപിസിസി ട്രഷറര്‍ പ്രതാപ ചന്ദ്രന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദവും കെപിസിസി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുയര്‍ന്ന ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കെപിസിസി നേതൃയോഗത്തില്‍ തീരുമാനമുണ്ടായേക്കും.