ന്യൂഡല്‍ഹി: കെ.പി.സി.സിക്ക് വര്‍ക്കിങ് പ്രസിഡന്റുമാരായി മൂന്നു പേരെ നിയോഗിച്ചു. എ.ഐ.സി.സി. കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവരാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. അതേസമയം കെ.വി. തോമസിനെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കി. കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.
സമുദായ സമവാക്യങ്ങള്‍ പാലിച്ചുകൊണ്ടാണ് വര്‍ക്കിങ് പ്രസിഡന്റുമാരുടെ നിയമനം. പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചുകൊണ്ട് കെപിസിസിയുടെ തലപ്പത്ത് വലിയ അഴിച്ചുപണിയാണ് ഹൈക്കമാന്‍ഡ് നടത്തിയിരിക്കുന്നത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍, മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. തോമസ് എന്നിവരുടെ പ്രവര്‍ത്തനങ്ങളെ എ.ഐ.സി.സി അഭിനന്ദിച്ചു.
വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ പേരുകള്‍ അറിയിച്ചുകൊണ്ടുളള വാര്‍ത്താക്കുറിപ്പില്‍ എ.ഐ.സി.സി അഭിനന്ദനം അറിയിക്കുകയും ഇരുവരുടേയും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്കുളളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കെ.വി. തോമസിനെ നേരത്തെ വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിച്ചത്. എന്നാല്‍ പുതിയ പട്ടികയില്‍ അദ്ദേഹത്തെ ഒഴിവാക്കി. തോമസിനെ യു.ഡി.എഫ് കണ്‍വീനറാക്കാന്‍ ആലോചനകളുണ്ടായിരുന്നു. എന്നാല്‍, താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു എന്നാണ് വിവരം.