സിനിമ ചിത്രീകരണം തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി

തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കെപിസിസി നേതൃത്വം. ജോജുവിന് എതിരെയുള്ള പ്രതിഷേധം സിനിമ മേഖലയാകെ പടര്‍ത്തരുതെന്നാണ് കെ സുധാകരന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സിനിമ സര്‍ഗ്ഗാത്മക പ്രവര്‍ത്തനമാണെന്നും ഇത് സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടെന്നും സുധാകരന്‍ യോഗത്തില്‍ വ്യക്തമാക്കി.

ഇന്ധന വിലവര്‍ദ്ധനക്കെതിരെ സമരം ശക്തമായി തുടരാനും ഇന്ന് ചേര്‍ന്ന കെപിസിസി യോഗത്തില്‍ തീരുമാനമായി. സമരത്തിന്റെ അടുത്ത പടിയായി സെക്രട്ടറിയേറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങല തീര്‍ക്കും. സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചു. സമരത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച തന്റെ ഇന്നലത്തെ വിശദീകരണം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സതീശന്‍ പറഞ്ഞു ഇന്ധന വിലക്കെതിരെ ബ്ലോക്ക് തലം മുതല്‍ സമരം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. 21, 22 തീയതികളില്‍ കെപിസിസി ഭാരവാഹി ക്യാമ്പ് നടത്താനും തീരുമാനമായി.

വഴി തടഞ്ഞുള്ള സിനിമാ ഷൂട്ടിംഗ് തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തെ തള്ളി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും രംഗത്തെത്തിയിരുന്നു ഷൂട്ടിംഗ് തടയമെന്ന തീരുമാനമെടുത്തിട്ടില്ലെന്നും ലൊക്കേഷനുകളിലേക്ക് തങ്ങളാരും പോകില്ലെന്നും മുഹമ്മദ് ഷിയാസ് വ്യക്താക്കിരുന്നു. ”കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അങ്ങനെയൊരു തീരുമാനമെടുക്കില്ല. ലൊക്കേഷനിലേക്ക് ഞങ്ങളാരും പോകുന്നില്ല”. ഷിയാസ് പറഞ്ഞു.

Top