തിരുവനന്തപുരം: കേരള പൊലീസിന്റെ നടപടികള്‍ക്കെതിരെ പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. വിഐപി സുരക്ഷയുടെ പേരില്‍ കേരള പൊലീസ് സാധാരണ ജനങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു എന്നും സുധാകരന്‍ ആരോപിക്കുന്നു.
ഭരണകൂട താല്പര്യങ്ങള്‍ക്ക് വേണ്ടി സാധാരണ ജനങ്ങളുടെ സൈ്വര്യജീവിതം കേരള പൊലീസ് തകര്‍ക്കുന്നുവെന്നാണ് സുധാകരന്‍ അടിയന്തര പ്രമേയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. സഭ നിര്‍ത്തിവെച്ച് കേരള പൊലീസിന്റെ അതിക്രമം ചര്‍ച്ച ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവരെ ഡെപ്യൂട്ടി കമ്മീഷണര്‍ കെഇ ബൈജു നേരിട്ട രീതി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. ഈ മാസം 22 വരെയാണ് സമ്മേളനം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേരുന്ന സമ്മേളനത്തില്‍ 19 ബില്ലുകള്‍ അവതരിപ്പിക്കും. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വച്ചേക്കും.