കെപിസിസി പുനസംഘടന അനിശ്ചിതത്വത്തില്‍; കെ സുധാകരന്‍ കേരളത്തിലേക്ക് തിരിച്ചു

തിരുവനന്തപുരം: കെപിസിസി പുനസംഘടന അനിശ്ചിതത്വത്തില്‍. അന്തിമ പട്ടിക കൈമാറാതെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കേരളത്തിലേക്ക് തിരിച്ചു. കൂടിയാലോചനകള്‍ നടന്നില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ പരാതിയുടെ പശ്ചാത്തലത്തില്‍ പട്ടികയില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാനാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം.

മുതിര്‍ന്ന നേതാക്കളായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് പട്ടിക നല്‍കാതെ കെ സുധാകരന്റെ മടക്കം. കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തയ്യാറാക്കിയ പട്ടികയ്ക്ക് എതിരെയാണ് നേതാക്കളുടെ പരാതി. കൂടിയാലോചനകള്‍ നടത്തിയില്ലെന്നും ഏകപക്ഷീയമായാണ് പട്ടിക തയ്യാറാക്കിയതെന്നുമാണ് ആക്ഷേപം. ചര്‍ച്ച നടത്തുമെന്ന ഉറപ്പ് കെപിസിസി നേതൃത്വം പാലിച്ചില്ലെന്നാണ് ഇവരുടെ പരാതി.

51 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പട്ടിക ഇന്ന് ഹൈക്കമാന്റിന് കൈമാറുമെന്നായിരുന്നു നേതാക്കള്‍ അറിയിച്ചത്. പക്ഷെ മുതിര്‍ന്ന നേതാക്കള്‍ തന്നെ എതിര്‍പ്പ് ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം. ഒപ്പം പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന വനിതകള്‍ക്ക് മാനദണ്ഡങ്ങളില്‍ നല്‍കിയ ഇളവ് കൂടുതല്‍ പേര്‍ക്ക് നല്‍കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പട്ടിക കൈമാറുക.

Top