തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിച്ചേക്കും. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സജീവമാക്കുന്നതിനും നേതൃത്വം നടപടികള്‍ സ്വീകരിക്കും. രാജ്യസഭാ സീറ്റില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്നതില്‍ തീരുമാനം ഹൈകമാന്‍ഡിന് വിട്ടേക്കുമെന്നാണ് സൂചന.
അന്തിമഘട്ടത്തില്‍ എത്തിയ പുനഃസംഘടനാ നടപടികള്‍ ഇപ്പോള്‍ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. ഏറ്റവുമൊടുവില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ മൂന്ന് ജില്ലകളുടെ കാര്യത്തില്‍ മാത്രമാണ് ഏകദേശ തീരുമാനം ആയത്. എന്നാല്‍ സമയപരിമിതി നേതൃത്വത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. പുനഃസംഘടനാ നടപടികളില്‍ മുങ്ങിപ്പോയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സമയബന്ധിതമായി തീര്‍ക്കേണ്ടതുണ്ട്. 50 ലക്ഷം മെമ്പര്‍ഷിപ്പ് ആണ് നേതൃത്വത്തിന്റെ ലക്ഷ്യം. ഈ മാസം 31 ന് മുമ്പ് എല്ലാ നടപടികളും പരാതികള്‍ക്കിടയില്ലാതെ പൂര്‍ത്തീകരിക്കുകയും വേണം.