kpcc-secretary-vv prakash-nilambur-assembly-election

മലപ്പുറം: നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി സെക്രട്ടറി വി.വി പ്രകാശ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് പ്രചരണം തുടങ്ങി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പെ പ്രചരണം തുടങ്ങിയ കെ.പി.സി.സി ഭാരവാഹിക്കെതിരെ നടപടിയെടുക്കാതെ അച്ചടക്കത്തിന്റെ വാള്‍ ഉറയിലിട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിമതപ്രവര്‍ത്തനം നടത്തിയവരെയെല്ലാം ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സുധീരന്‍ സ്വന്തം ഗ്രൂപ്പിലെ കെ.പി.സി.സി സെക്രട്ടറിയുടെ അച്ചടക്കലംഘനത്തിനെതിരെ മൗനം പാലിക്കുന്നത് കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിട്ടുണ്ട്. 35 വര്‍ഷം നിലമ്പൂരിന്റെ എം.എല്‍.എയായ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇത്തവണ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചതോടെയാണ് നിലമ്പൂരിനു വേണ്ടി പിടിവലി മുറുകിയത്.

ആര്യാടന്റെ പിന്‍ഗാമിയായി മകനും മുന്‍ നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്തും കഴിഞ്ഞ തവണ തവനൂരില്‍ കെ.ടി ജലീലിനോട് മത്സരിച്ച് പരാജയപ്പെട്ട കെ.പി.സി.സി സെക്രട്ടറി വി.വി പ്രകാശുമാണ് സീറ്റിനായി പിടിമുറുക്കുന്നത്. ഷൗക്കത്തിനെ നിയോജകമണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളും നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയും നിലമ്പൂര്‍, എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും പിന്തുണക്കുന്നുണ്ട്. പ്രകാശിനാവട്ടെ എടക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പിന്തുണയും കെ.പി.സി.സി സെക്രട്ടറിയെന്ന പരിഗണനയുമാണുള്ളത്.

ഡി.സി.സി നേതൃത്വം ആര്യാടന്‍ ഷൗക്കത്തിനെയും പ്രകാശിനെയുമാണ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. കെ.പി.സി.സി തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും സ്ഥാനാര്‍ത്ഥികാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം എടക്കര അങ്ങാടിയിലാണ് വി.വി പ്രകാശിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നത്. സേവ് കോണ്‍ഗ്രസ് ഫോറം എന്നപേരില്‍ ഉയര്‍ന്ന ഫ്‌ളക്‌സ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ അഴിച്ചുനീക്കി. കഴിഞ്ഞ ദിവസം പ്രകാശിനു വോട്ടുതേടിയുള്ള ഇരുപതോളം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മൂത്തേടത്ത് സ്ഥാപിക്കാന്‍ നീക്കം നടന്നെങ്കിലും കോണ്‍ഗ്രസുകാര്‍ വാഹനം തടഞ്ഞ് മടക്കി അയക്കുകയായിരുന്നു.

നിലമ്പൂര്‍ സീറ്റിന് അവകാശവാദം ഉയര്‍ത്തുകയും വിട്ടുവീഴ്ചയായി ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാനുമാണ് പ്രകാശിനു വോട്ടുതേടിയുള്ള ഫ്‌ളക്‌സ് ബോര്‍ഡെന്ന ആക്ഷേപം കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിട്ടുമതി ബോര്‍ഡ് വെക്കലും വോട്ടുപിടുത്തവുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പത്രസമ്മേളനം നടത്തി കോണ്‍ഗ്രസിനെ ആക്ഷേപിച്ചയാള്‍ വഴിക്കടവ് പഞ്ചായത്തില്‍ യു.ഡി.എഫ് വിമതനായി മത്സരിച്ചതിന് ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ആളാണെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ് പറഞ്ഞു.

നേരത്തെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായ വി.വി പ്രകാശ് അടുത്തിടെ സുധീരന്‍ പക്ഷത്തേക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞ തവണ തവനൂരില്‍ മത്സരിച്ച് പരാജയപ്പെട്ട പ്രകാശിനെ ഇത്തവണ പരിഗണിക്കേണ്ടെന്ന നിലപാടാണ് എ ഗ്രൂപ്പിന്. തവനൂര്‍ മണ്ഡലത്തില്‍ ഇത്തവണ ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞിയുടെയും മുന്‍ രാജ്യസഭാ എം.പി സി.ഹരിദാസിന്റെയും പേരാണ് ഡി.സി.സി നേതൃത്വം നല്‍കിയിട്ടുള്ളത്. ഇതോടെയാണ് പ്രകാശ് നിലമ്പൂരിനായി പിടിവലി തുടങ്ങിയത്.

നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളുടെയും രണ്ടു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും പിന്തുണയുള്ള ആര്യാടന്‍ ഷൗക്കത്തിന് എ.ഐ.സി.സിയുടെ പ്രത്യേക സെല്ലായ രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍ സ്ഥാനവും നേട്ടമാകും. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിജയസാധ്യത എന്ന മാനദണ്ഡവും ഷൗക്കത്തിന് തുണയാകും. തവനൂരില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടതാണ് പ്രകാശിന് തിരിച്ചടിയാവുക.

Top