സുധാകരൻ നയിക്കുന്ന കേരള ജാഥ; കേന്ദ്രത്തിനും സംസ്ഥാനത്തിനും എതിരെ പ്രക്ഷോഭത്തിനു കെപിസിസി

തിരുവനന്തപുരം : കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനു കെപിസിസി. സംസ്ഥാന പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന കേരള ജാഥ ജനുവരി പകുതിയോടെ ആരംഭിച്ചു ഫെബ്രുവരി പകുതിയോടെ സമാപിക്കും. ജാഥ എല്ലാ നിയോജക മണ്ഡലങ്ങളും സന്ദർശിക്കും. പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കുമെന്നു കെപിസിസി നേതൃയോഗത്തിനുശേഷം കെ.സുധാകരൻ പറഞ്ഞു. മണ്ഡലം കമ്മിറ്റി പുനഃസംഘടന 85% പൂർത്തിയാക്കി. ബാക്കി മൂന്നു ദിവസത്തിനുള്ളിൽ തീരും. എന്തുകൊണ്ടു കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരണമെന്നു ജനത്തെ ബോധ്യപ്പെടുത്തുന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കും. കോൺഗ്രസിനെ സംബന്ധിച്ചു മികച്ച രാഷ്ട്രീയ സാഹചര്യമാണെന്നും സുധാകരൻ പറഞ്ഞു.

‘‘മികച്ച വിജയം നേടാനുള്ള സാഹചര്യം പാർട്ടി സൃഷ്ടിക്കും. ലോക്സഭാ സീറ്റിൽ 20ൽ 20 സീറ്റും നേടുക എന്നതാണു ലക്ഷ്യം. ദേശീയ തലത്തിലും കോൺഗ്രസിന് അനുകൂല സാഹചര്യമാണ്. സംസ്ഥാനത്തു കാര്യങ്ങൾ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരാണ്. ധിക്കാരിയായ മുഖ്യമന്ത്രിയെയാണു ജനം നോക്കിക്കാണുന്നത്. തോമസ് ഐസക്കും എം.എ. ബേബിയും സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞു’’. സ്വന്തം പാർട്ടിക്കാർ തന്നെ സർക്കാരിനെ തള്ളിപ്പറയുകയാണെന്നും സുധാകരൻ പറഞ്ഞു.

‘‘കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെ വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തും. സഹകരണ കൊള്ളയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തും. സഹകരണ ബാങ്കുകളിൽനിന്നു പണം സമാഹരിക്കാനുള്ള സർക്കാർ നീക്കത്തോടു സഹകരിക്കരുതെന്നു യുഡിഎഫ് ഭരണത്തിലുള്ള ബാങ്കുകൾക്കു നിർദേശം നൽകും. ഡിസംബറിൽ കുറ്റപത്രം തയാറാക്കി കേന്ദ്ര–സംസ്ഥാന സർക്കാരുകളെ വിചാരണയ്ക്കു വിധേയമാക്കും. ഒക്ടോബർ 19 മുതൽ നവംബർ 10വരെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജില്ലകളിൽ പര്യടനം നടത്തും. മേഖലാ പദയാത്രകളും സംഘടിപ്പിക്കും. എംപിമാർ അടക്കമുള്ള പ്രമുഖ നേതാക്കൾ പദയാത്രയിൽ പങ്കെടുക്കും. ഡിസംബറിൽ ഉമ്മൻചാണ്ടിയുടെ അനുസ്മരണാർഥം സംഗമങ്ങൾ നടത്തും’’. മാസപ്പടി കേസിൽ നിയമനടപടി സ്വീകരിക്കുമെന്നു കെ.സുധാകരൻ പറ‍ഞ്ഞു.

‘‘മാത്യു കുഴൽനാടൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഗുരുതരമായ വിഷയമാണ്. മറുപടി പറയാൻ മുഖ്യമന്ത്രിക്കു ബാധ്യതയുണ്ട്. തൃപ്തികരമായ മറുപടി മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. നാറി പുളിച്ചിട്ടും മുഖ്യമന്ത്രി കസേരയിലിരിക്കുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണു പിണറായി. മുഖ്യമന്ത്രി രാജി വയ്ക്കാൻ തയാറാകണം’’. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി അഭിപ്രായ വ്യത്യാസമില്ലെന്നു ചോദ്യത്തിനു മറുപടിയായി കെ.സുധാകരൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാരെ മാറ്റാൻ ആർക്കും താൽപര്യമില്ല. ആരോഗ്യപരമായ കാരണങ്ങളാൽ താൻ മത്സര രംഗത്തുണ്ടാകില്ലെന്നും കെ.സുധാകരൻ വ്യക്തമാക്കി.

Top