ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടേക്കും

shashi tharoor

തിരുവനന്തപുരം: മോദി അനുകൂല പരാമർശവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടേക്കും.

പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയും തന്റെ ഭാഗം തരൂര്‍ ന്യായീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ നീക്കം. കെ. മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, മോദി അനുകൂല പ്രസ്താവനയില്‍ ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടിയിട്ടുണ്ട്. പ്രസ്താവനയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി രൂക്ഷമായ സാഹചര്യത്തിലാണിത്. വിശദീകരണം കിട്ടിയശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പാര്‍ട്ടി സ്വീകരിച്ച അവസരസേവകന്‍മാര്‍ ബാധ്യതയായ ചരിത്രമാണുള്ളതെന്നുമാണ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നത്.

കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ തന്റെ ഭാഗം വിശദീകരിച്ച് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.താന്‍ മോദിയുടെ കടുത്ത വിമര്‍ശകനാണെന്നും തന്റെ നിലപാട് മോദിക്ക് അനുകൂലമായി വളച്ചൊടിച്ചെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. വേണ്ടത് ക്രിയാത്മക വിമര്‍ശനമാണ്. തന്റെ നിലപാടുകളോട് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അതിനെ ബഹുമാനിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

Top