പാലക്കാട്: എഴുത്തുകാരി കെ.ആര്‍ മീരക്കെതിരെ വി ടി ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ വിമര്‍ശനവുമായി എം ബി രാജേഷ് എംപി. വി.ടി ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ തരംതാഴ്ന്നതാണെന്നാണ് എം.ബി രാജേഷ് പറഞ്ഞത്.
തെറിവിളിക്കുന്നതിനുള്ള ലൈസന്‍സ് എംഎല്‍എയ്ക്ക് ആരാണ് നല്‍കിയതെന്നും വിവേകമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ തിരുത്തേണ്ടതാണെന്നും എംബി രാജേഷ് പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ കയറൂരി വിട്ടിരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
മീരയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇട്ട കമന്റാണ് ബല്‍റാമിനെ ഇപ്പോള്‍ പുലിവാലു പിടിപ്പിച്ചിരിക്കുന്നത്. പോ മോളേ ‘മീരേ’ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നായിരുന്നു ബല്‍റാമിന്റെ വിവാദ കമന്റ്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
സംഭവം വിവാദമായതോടെ ന്യായീകരണവുമായി വി.ടി ബല്‍റാം രംഗത്ത് വന്നിരുന്നു. അഭിസംബോധനകളിലെ രാഷ്ട്രീയം ശരിയല്ലെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ ശരിയാണോ എന്നതാണ് തല്‍ക്കാലം പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചത് രണ്ട് കൂടപ്പിറപ്പുകളുടെ കൊലപാതകവും സിപിഎമ്മിന്റെ ക്രിമിനല്‍ രാഷ്ട്രീയവുമാണ്. അതില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവര്‍ക്ക് സംരക്ഷണം നല്‍കുന്നവരേയും രക്ഷിച്ചെടുക്കാന്‍ നോക്കുന്ന ‘സാംസ്‌ക്കാരിക കുബുദ്ധി’കളുടെ കെണിയില്‍ വീഴാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലന്നും ബല്‍റാം വ്യക്തമാക്കിയിരുന്നു.