കോട്ടയം: കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിൽ സർക്കാർ നിയോഗിച്ച ഉന്നതതല കമ്മീഷൻ ഇന്ന് തെളിവെടുക്കും. വിഷയത്തെ കുറിച്ച് പഠിക്കാൻ സർക്കാർ രണ്ടംഗ കമ്മീഷനെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
കോട്ടയം കളക്‌ട്രേറ്റിലെ വീഡിയോ കോൺഫറൻസ് ഹാളിൽ രാവിലെ 11.00 മണി മുതലാണ് തെളിവെടുപ്പ്. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർക്ക് അന്വേഷണ കമ്മീഷനു മുമ്പാകെ മൊഴി നൽകാൻ അവസരമുണ്ട്. കളക്ടറിൻ്റെ ഉത്തരവിനെ തുടർന്ന് നിലവിൽ ജനുവരി 8 വരെ കോളജും ഹോസ്റ്റലും അടച്ചിരിക്കുകയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളതാണ് കോട്ടയം ജില്ലയിലെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് കോളേജ്. ഇവിടെ ആണ് കടുത്ത ജാതിവിവേചനം നടക്കുന്നതായി വിദ്യാർഥികൾ ആരോപിക്കുന്നത്. ഇ-ഗ്രാൻറ് അടക്കം വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഡയറക്ടർ തടയുന്നതായും ആരോപണമുണ്ട്. ഡയറക്ടർ ശങ്കർ മോഹൻറെ നേതൃത്വത്തിൽ ജാതി വിവേചനവും വിദ്യാർത്ഥി വിരുദ്ധ നിലപാടുമുണ്ടാകുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. സ്വീപ്പർമാരെ ഡയറക്ടറുടെ വീട്ടുജോലി ചെയ്യിപ്പിക്കുന്നെന്ന് ആരോപണമുണ്ട്. വീടിനു പുറത്തെ ശുചിമുറിയിൽ കുളിച്ചതിനുശേഷം മാത്രമേ വീട്ടിലേക്കു കയറ്റാറുള്ളുവെന്നും വിദ്യാർഥികൾ പറയുന്നു.