ചതിച്ചത് കെ റെയിലും തോമസ് മാഷും, ഇടതുപക്ഷം ഇനിയും തിരുത്തിയില്ലങ്കിൽ…

തൃക്കാക്കര നിലനിർത്താൻ യു.ഡി.എഫിന് സഹായകരമായത് സഹതാപ തരംഗം മാത്രമല്ല, കെ. റെയിൽ വിവാദവും വലിയ രൂപത്തിൽ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്. കെ റെയിൽ കടന്നു പോകുന്ന മണ്ഡലത്തിൽ, ഇതു തന്നെ ആയിരുന്നു യു.ഡി.എഫിന്റെ പ്രധാന പ്രചരണായുധവും. ഈ പ്രചരണത്തെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ മണ്ഡലത്തിൽ തമ്പടിച്ചെങ്കിലും അതൊന്നും ഏശിയില്ലന്നതാണ് യാഥാർത്ഥ്യം. സ്വന്തം കിടപ്പാടം വരെ പിണറായി സർക്കാർ കൊണ്ടു പോകുമെന്ന പ്രചരണമാണ് യു.ഡി.എഫ് തൃക്കാക്കരയിൽ നടത്തിയിരുന്നത്. അത് ഫലം കണ്ടു എന്നു തന്നെ വേണം കരുതാൻ. ഇതാടൊപ്പം പി.ടി തോമസിനോടുള്ള ഇഷ്ടം കൂടി പ്രകടമായപ്പോൾ യു.ഡി.എഫിന് ചരിത്ര ഭൂരിപക്ഷമാണ് തൃക്കാക്കരയിൽ ലഭിച്ചിരിക്കുന്നത്.

അതേസമയം, ഈ വിജയത്തിൽ തങ്ങളും സംഭാവന ചെയ്തെന്ന ട്വന്റി ട്വന്റിയുടെ അവകാശവാദം വെറും പൊള്ളയാണ്. ഇതൊരു അവകാശവാദം മാത്രമാണ്. ട്വന്റി ട്വന്റി മത്സരിച്ചിരുന്നുവെങ്കിൽ നാണംകെട്ട ഫലമായിരുന്നു അവർക്കും ഉണ്ടാകുമായിരുന്നത്. ഈ യാഥാർത്ഥ്യമാണ് കിറ്റക്സ് മുതലാളിയും മനസ്സിലാക്കേണ്ടത്. കടുത്ത മത്സരം നടന്നിട്ടും തൃക്കാക്കരയിൽ പോളിങ്ങ് ശതമാനം കുറയുകയാണ് ഉണ്ടായത്. ഈ യാഥാർത്ഥ്യവും നാം തിരിച്ചറിയണം. കോൺഗ്രസ്സിനും യു.ഡി.എഫിനും ലഭിച്ചിരിക്കുന്നതിൽ ഭൂരിപക്ഷവും പൊളിറ്റിക്കൽ വോട്ടുകളാണ്. അക്കാര്യത്തിൽ ഒരു സംശയവും ഉണ്ടാവേണ്ടതില്ല. ഉമ തോമസിന്റെ വിജയത്തെ കേവലം സഹതാപ തരംഗം മാത്രമായി വിലയിരുത്തി ഇടതുപക്ഷം മുന്നോട്ട് പോയാൽ, അത് വലിയ അബദ്ധമായാണ് മാറുക. സഹതാപ തരംഗവും ഒരു ഘടകമായി എന്നു മാത്രമേ വിലയിരുത്താൻ കഴിയുകയൊള്ളൂ. വോട്ടിങ്ങ് ശതമാനം കുറഞ്ഞാൽ, അത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന പരമ്പരാഗത കണക്കു കൂട്ടലുകൾ കൂടിയാണ്, തൃക്കാക്കരയിൽ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്.

കെ.വി തോമസ് എന്ന അവസരവാദിക്ക് ‘കൈ’ കൊടുത്തതും ഇടതുപക്ഷത്തിന്റെ പരാജയത്തിന് മറ്റൊരു കാരണമാണ്. കോൺഗ്രസ്സ് ഒരു കേഡർ പാർട്ടിയല്ലങ്കിലും അവരുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാൻ ആ പാർട്ടിക്കു കഴിഞ്ഞിട്ടുണ്ട്. കെ.വി തോമസ് ഉടക്കിയപ്പോൾ ‘പോയി തുലയട്ടെ’ എന്ന നിലപാടാണ് കോൺഗ്രസ്സ് സ്വീകരിച്ചത്. അണികളും അനുഭാവികളും ഈ തീരുമാനത്തിനൊപ്പമാണ് നിന്നിരിക്കുന്നത്. അധികാര കൊതിയൻമാരായ നേതാക്കൾ പാർട്ടി വിട്ടാൽ അവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക എന്ന നിലപാടിൽ നിന്നും, ഇനിയെങ്കിലും, ഇടതുപക്ഷ നേതാക്കൾ പിൻമാറണം. ഇടതുപക്ഷ അണികൾക്കു പോലും ദഹിക്കാത്ത നിലപാടാണിത്. കെ.വി തോമസിന് ഒരു ചെറിയ ചലനം സൃഷ്ടിക്കാൻ പോലും തൃക്കാക്കരയിൽ സാധിച്ചിട്ടില്ല. കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നതും, അതു തന്നെയാണ്.

ജാതി – മത ശക്തികളെ ചെറുത്ത് തോൽപ്പിച്ചാണ് കേരളത്തിൽ ഇടതുപക്ഷം ചെങ്കൊടി നാട്ടിയിരിക്കുന്നത്. തൃക്കാക്കരയിൽ സഭയുടെ സ്ഥാനാർത്ഥി എന്ന പ്രചരണത്തിന് ഇടയാക്കിയ കാര്യവും ഇടതുപക്ഷം ഗൗരവമായി പരിശോധിക്കണം. സഭയെ വെല്ലുവിളിച്ച പി.ടി തോമസിനെ വലിയ ഭൂരിപക്ഷത്തിനു വിജയിപ്പിച്ച മണ്ഡലമാണിത്. ഇതു തിരിച്ചറിഞ്ഞതു കൊണ്ടാണ് പ്രതിപക്ഷ നേതാവും തുടക്കത്തിൽ തന്നെ ആരോപണം ഉന്നയിച്ചിരുന്നത്. ‘കളം’ അറിഞ്ഞു കളിച്ച് ജയിക്കുന്ന തന്ത്രമാണിത്. തോൽപ്പിക്കാൻ പരസ്യമായി ഇറങ്ങിയ വെള്ളാപ്പള്ളിയെയും എസ്.എൻ.ഡി.പി യോഗത്തെയും പ്രഹരിച്ച് തുടർച്ചയായി പറവൂരിൽ നിന്നും വിജയിക്കുന്ന നേതാവാണ് സതീശൻ. അദ്ദേഹത്തിന്റെ സംഘടനാ മികവു കൂടിയാണ് തൃക്കാക്കരയിലും മാറ്റുരയ്ക്കപ്പെട്ടിരിക്കുന്നത്. ഈ ഉപതിരഞ്ഞെടുപ്പ് വിജയം സംസ്ഥാനത്തെ യു.ഡി.എഫിനു നൽകിയിരിക്കുന്നത് വലിയ ആത്മവിശ്വാസമാണ്. അക്കാര്യത്തിൽ… ഒരു തർക്കവുമില്ല. കോൺഗ്രസ്സിൽ ഇനി വി.ഡി സതീശൻ യുഗമാണ്. തൃക്കാക്കരയിൽ മുന്നിൽ നിന്നും പടനയിച്ചത് അദ്ദേഹമാണ്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനും ഈ വിജയം സതീശൻ ക്യാംപിന് കരുത്താകും.

EXPRESS KERALA VIEW

 

Top