കൊച്ചി: മോശം പരിശീലനത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനു പിന്നാലെ സുപ്രധാന താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മുതല്‍ ഏതു താരങ്ങളാണ് അത് എന്ന അന്വേഷണത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകര്‍. ഇപ്പോള്‍ ഇതാ ആ താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് നായകന് സന്ദേഷ് ജിങ്കനും മലയാളി സികെ വിനീതും ആണെന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് താരങ്ങള്‍ പോകുന്നത്. ഐഎസ്എല്‍ തുടങ്ങുമ്പോള്‍ മുതല്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമാണ് സന്ദേശ് ജിങ്കന്. ബ്ലാസ്റ്റേഴ്സിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ജിങ്കന് തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്നു. ദേശീയ ടീമിനെ നയിക്കാനുള്ള ഭാഗ്യവും ജിങ്കന് ലഭിച്ചു. മുന്‍പ് മോഹവിലയ്ക്ക് എടികെ ജിങ്കനെ വിളിച്ചിരുന്നുവെങ്കിലും ജിങ്കന് ക്ലബ് മാറാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ടീമിന്റെ മോശം പ്രകടനങ്ങളും ആരാധകരുടെ പ്രതികരണങ്ങളും താരത്തെ മടുപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സീസണിലെ മോശം പ്രകടനങ്ങളുടെ പേരില്‍ വീട്ടുകാരെ വരെ ചീത്ത വിളിച്ച ചിലരുടെ പെരുമാറ്റം വിനീതിനെ മുന്‍പ് തന്നെ മടുപ്പിച്ചിരുന്നു. ക്ലബ് വിടുമെന്ന് വിനീത് അറിയിച്ചുവെന്ന അഭ്യൂഹവും നേരത്തെ പുറത്തായിരുന്നു. ആ അഭ്യൂഹങ്ങള്‍ക്ക് ഇപ്പോള്‍ ശക്തി ഏറിയിരിക്കുകയാണ്. കൂടാതെ മുന്നേറ്റ നിരക്കാരന് ഹാലിചരണ്‍ നര്‍സാരിയും ക്ലബ് വിട്ടേക്കുമെന്ന സൂചനകളും നിലനില്‍ക്കുന്നുണ്ട്.
എടികെയുടെ ഓഫര്‍ ഇപ്പോഴും നിലനില്ക്കുന്നു എന്നതു കൊണ്ട് തന്നെ ജിങ്കന് എടികെയിലേക്ക് മാറുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വിനീതും ഹാലിചരണ്‍ നര്‍സാരിയും ഏത് ക്ലബിലേക്കാണ് മാറുന്നത് എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.