മോസ്‌കോ: അതിര്‍ത്തിലംഘിച്ചെന്ന് ആരോപിച്ച് യുദ്ധവിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് തുര്‍ക്കിയുമായുള്ള എല്ലാ സൈനികബന്ധങ്ങളും റഷ്യ ഉപേക്ഷിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ ബന്ധവും റഷ്യ റദ്ദാക്കിയിട്ടുണ്ട്. സിറിയന്‍ ആക്രമണസമയത്ത് തുര്‍ക്കിയെ വിവരം അറിയിക്കാനാണ് ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിച്ചിരുന്നത്.
ഈ സംഭവത്തിനുശേഷം സിറിയയിലെ 450 സ്ഥലങ്ങളില്‍ 130 ആകാശറെയ്ഡുകള്‍ നടത്തിയതായി സൈനികവക്താവ് ഇഗോര്‍ കൊനാഷെന്‍കോവ് പറഞ്ഞു.
സിറിയയിലെ ഹമീം വ്യോമസേനാതാവളത്തില്‍ അത്യാധുനിക എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ ബോംബിടാന്‍പോയ യുദ്ധവിമാനം വീഴ്ത്തിയതിന് തിരിച്ചടിയായി തുര്‍ക്കിക്കെതിരെ സാമ്പത്തിക വ്യാപാര ഉപരോധത്തിനും റഷ്യ തയ്യാറെടുക്കുന്നുണ്ട്. രണ്ട് രാജ്യങ്ങളുടെയും സംയുക്ത നിക്ഷേപങ്ങള്‍ നിര്‍ത്തിവെക്കാനും റഷ്യ ആലോചിക്കുന്നുണ്ട്.