കാസര്‍ഗോഡ് : ഇരട്ടക്കൊലപാതകം നടന്ന പെരിയയില്‍ മാര്‍ച്ച് ഒന്നിന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കും.
ജില്ലയിലെ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കാന്‍ നിര്‍ദേശമുണ്ട്. എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ യോഗത്തില്‍ പങ്കെടുക്കും.
സംഭവത്തില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് സിപിഎം ബ്രാഞ്ച് ഓഫീസിലെന്ന് പൊലീസ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
ഗൂഢാലോചന നടന്നത് ഏച്ചലടുക്കം ബ്രാഞ്ച് ഓഫീസിലായിരുന്നു. ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പീതാംബരനും കൂട്ടുപ്രതികളും കൃത്യം നടക്കുന്ന അന്ന് വൈകുന്നേരം ഓഫീസില്‍ ഒത്തുകൂടി. കൊല ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു.
തന്റെ കൈയൊടിച്ചവനോട് പ്രതികാരം ചെയ്യാന്‍ കൂടെനിന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന് പീതാംബരന്‍ നേരത്തെ ബ്രാഞ്ച് യോഗത്തില്‍ പറഞ്ഞതായും വിവരമുണ്ട്.
ഫെബ്രുവരി 17 നാണ് കല്യോട്ടിനടുത്ത് ഇരട്ടക്കൊല നടന്നത്. ജീപ്പിലെത്തിയ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ ഇതുവരെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സി പി എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരന്‍, സജി ജോര്‍ജ്, ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്.