കൊച്ചി: കള്ളപ്പണക്കാരുടെ ദല്ലാളും കാവലാളുമായി ധനമന്ത്രി തോമസ് ഐസക് അധഃപതിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.
സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു മന്ത്രിസഭാ തീരുമാനം മതിയായിരുന്നെങ്കില്‍ എന്തിനാണ് ഇത്രയും വൈകിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സഹകരണ ബാങ്കുകളില്‍ കെവൈസി മാനദണ്ഡങ്ങളും ആദായ നികുതി ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കാനാണു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച് 22 ാം ദിവസമാണു സര്‍ക്കാര്‍ ഇക്കാര്യം തീരുമാനിച്ചത്. വൈകിപ്പിച്ചതിന്റെ കാരണങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണം.
സഹകരണ മേഖലയുടെ പേരില്‍ ജനങ്ങളിലും നിക്ഷേപകരിലും സഹകാരികളിലും അനാവശ്യ ആശങ്ക സൃഷ്ടിച്ചതിനു സര്‍ക്കാരും സിപിഐഎമ്മും ജനങ്ങളോടു പരസ്യമാി മാപ്പു പറയണം. ഇതുവരെയുണ്ടായ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാരിനും സിപിഎമ്മിനും കോണ്‍ഗ്രസിനുമാണ്.
സഹകരണ മേഖലയുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ പുതിയൊരു തീരുമാനവും എടുത്തിട്ടില്ല. എടുത്ത തീരുമാനങ്ങള്‍ മാറ്റിയിട്ടുമില്ല. പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുമെന്നിരിക്കെ എന്തിനാണു മുഖ്യമന്ത്രിയും മന്ത്രിമാരും റിസര്‍വ് ബാങ്ക് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയത് ഹര്‍ത്താല്‍ എന്തിനു വേണ്ടിയായിരുന്നുവെന്നു സിപിഐഎം വ്യക്തമാക്കണം.
ധനമന്ത്രിയുടെ സമീപനത്തില്‍ ദുരൂഹതയുണ്ട്. കറന്‍സി പരിഷ്‌കാരം വന്നതു മുതല്‍ അത് അട്ടിമറിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം ഒഴികെയുള്ള സംസ്ഥാന ധനമന്ത്രിമാര്‍ കറന്‍സി പരിഷ്‌കരണ തീരുമാനത്തെ തത്വത്തില്‍ അംഗീകരിക്കുകയാണു ചെയ്തത്.
പരിഷ്‌കരണം കൊണ്ടു സര്‍ക്കാരിനോ രാജ്യത്തിനോ നയാപൈസയുടെ ഗുണമുണ്ടാകില്ലെന്ന് ആക്ഷേപിച്ച അദ്ദേഹം ഇപ്പോള്‍ പറയുന്നതു കേന്ദ്രസര്‍ക്കാരിനു 2.5 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായെന്നും അതിന്റെ വിഹിതം സംസ്ഥാന സര്‍ക്കാരിനു നല്‍കണമെന്നുമാണ്.
ജീവനക്കാര്‍ക്ക് ശമ്പളം കിട്ടില്ലെന്നു പറഞ്ഞിരുന്ന അദ്ദേഹം ഇപ്പോള്‍ പറയുന്നത് അടുത്ത മാസം കിട്ടില്ലെന്നാണ്. അനാവശ്യമായി ആശങ്ക സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
കറന്‍സി പരിഷ്‌കരണം മൂലം രാജ്യത്തിനു നേട്ടമാണുണ്ടാകുന്നത്. സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങി. ഒപ്പം, കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും വില ഇടിയുമെന്നും കൃഷ്ണദാസ് പറഞ്ഞു.