ഹമാസിനുവേണ്ടിയാണ് രാജീവ് ചന്ദ്രശേഖറിനെതിരേ സംസ്ഥാന സർക്കാർ കേസെടുത്തത്: പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: ഹമാസിനുവേണ്ടിയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ സംസ്ഥാന സർക്കാർ കേസെടുത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഹമാസിന്റെ വക്താവിനെപ്പോലെയാണ് പെരുമാറുന്നതെന്നും ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.

പിണറായി സർക്കാർ പൂർണമായും മതഭീകരവാദികൾക്കും തീവ്രവാദികൾക്കും അടിമപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മതഭീകരവാദികളെ പ്രീതിപ്പെടുത്താനും പ്രീണിപ്പിക്കാനും വേണ്ടിയാണ് ഈ നടപടി. ഇന്ത്യയിലാകമാനം പ്രവർത്തിക്കുന്ന ഭീകരസംഘടനകളോട് എക്കാലവും കമ്മ്യൂണിസ്റ്റ് നിലപാട് ഇതുതന്നെയായിരുന്നു. 1600-ലധികം നിരപരാധികളായ ഇസ്രയേലുകാരെ കൊലചെയ്ത ഹമാസിനെ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും പിന്തുണയ്ക്കാൻ തയ്യാറായതോടെയാണ് കേരളത്തിലുടനീളം മതഭീകര സംഘടനകൾ ഹമാസിന് അനുകൂലമായുള്ള പ്രചാരണം ഏറ്റെടുത്തത്. ഇത് സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്.

സംസ്ഥാനത്തിനുള്ളിൽ വിഭാഗീയതയും മതപരമായ വിഭജനവുമാണ് മുഖ്യമന്ത്രി സൃഷ്ടിക്കുന്നത്. അതിനെതിരെ ശബ്ദിക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കള്ളക്കേസിൽ കുടുക്കുന്നതും പ്രതിഷേധാർഹമാണ്. പിണറായിയുടെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും കാളകൂടവിഷം വമിക്കുന്നതാണ്. ഇത് ഭീകരവാദികളെ സന്തോഷിപ്പിക്കാൻ സാധിക്കുമെങ്കിലും രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് എതിരാണ്. ഇതിനെതിരെ മുഴുവൻ രാജ്യസ്നേഹികളും പ്രതിഷേധിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

Top