ഇടുക്കി ഡാം തുറക്കുന്നതില്‍ കെഎസ്ഇബി ആശയക്കുഴപ്പം സൃഷ്ടിക്കുന്നു: റോഷി അഗസ്റ്റിന്‍

ഇടുക്കി: ഇടുക്കി ഡാം തുറക്കുന്നതില്‍ കെഎസ്ഇബി ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. ആവശ്യത്തിന് മുന്നറിയിപ്പില്ലാതെ ഇടുക്കി ഡാം തുറക്കരുതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി കെഎസ്ഇബി പ്രവര്‍ത്തിക്കുന്നു. മുന്നൊരുക്കങ്ങള്‍ക്ക് മതിയായ സമയം ലഭിക്കുന്നില്ല. ഇന്നലെ ഷട്ടര്‍ തുറക്കുമെന്ന് അറിയിച്ച ശേഷം സമയം മാറ്റിയത് എന്തിനെന്ന് വ്യക്തമാക്കണം. ഇന്ന് രാവിലെ 11 മണിക്ക് തുറക്കുമെന്ന വിവരം ജനം അറിഞ്ഞിട്ടില്ല. 12 മണിക്കൂര്‍ മുമ്പെങ്കിലും മുന്നറിയിപ്പ് നല്‍കണം. ഡാം തുറക്കുന്നത് നിശ്ചയിച്ച സമയത്തില്‍ നിന്ന് മാറ്റിയത് ശരിയല്ലെന്നും അദ്ദേഹം ആരോപിച്ചു.

കെഎസ്ഇബി അനാവശ്യമായി ധൃതി കാണിക്കുകയാണ്. അനൗണ്‍സ്‌മെന്റ് നടത്തുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും മതിയായ മുന്നൊരുക്കത്തിന് ആറ് മണിക്കൂര്‍ വേണമെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

Top