നിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെ ഷോക്കടിപ്പിക്കുന്ന കെഎസ്ഇബിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ്‌

തിരുവനന്തപുരം: നിരന്തരം നിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെ കറണ്ടടിപ്പിക്കുന്ന കെഎസ്ഇബിക്ക് ഇരുട്ടടിയുമായി നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍(എന്‍.ടി.പി.സി.). കായംകുളം താപനിലയത്തില്‍നിന്ന് കെഎസ്ഇബിക്ക് ഇരുട്ടടി പോലെ കിട്ടിയത്. ഉപയോഗിക്കാത്ത വൈദ്യുതിക്ക് മാസം 27 കോടി രൂപ അടയ്ക്കണമെന്നാണ് എന്‍.ടി.പി.സി. ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തോതില്‍ വര്‍ഷം 324 കോടിയും അഞ്ചുവര്‍ഷത്തേക്ക് 1620 കോടിയും അടയ്‌ക്കേണ്ടി വരും. 2017 മുതല്‍ എന്‍.ടി.പി.സിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നില്ല. എന്നാല്‍, 2019 മുതല്‍ 2024 വരെയുള്ള അഞ്ചുവര്‍ഷത്തേക്ക് ഫിക്‌സഡ് കോസ്റ്റ് ഇനത്തില്‍ വര്‍ഷം 324 കോടി അടയ്‌ക്കേണ്ടിവരും.

അഞ്ചുവര്‍ഷത്തേക്ക് ആകെ 340 കോടിയേ നല്‍കൂവെന്ന് കെ.എസ്.ഇ.ബി. അറിയിച്ചതോടെ ഇരുസ്ഥാപനങ്ങളും രൂക്ഷമായ തര്‍ക്കത്തിലായി. 2025 വരെയാണ് എന്‍.ടി.പി.സി.യുമായി കരാറുള്ളത്. ഇത് എത്രയുംവേഗം അവസാനിപ്പിച്ചില്ലെങ്കില്‍ കെ.എസ്.ഇ.ബി. വലിയ പ്രതിസന്ധിയിലാവും. ഈ പണം മുഴുവന്‍ ജനം വൈദ്യുതിനിരക്കായി നല്‍കേണ്ടിവരും. വൈദ്യുതി വാങ്ങാത്ത 2017-2019 കാലയളവില്‍ 400 കോടി കെ.എസ്.ഇ.ബി. ഇതിനകം എന്‍.ടി.പി.സി.ക്കു നല്‍കി. വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ടതാണ് ഈ തുക. കരാര്‍പ്രകാരം കേരളം 2025 വരെ ഫിക്‌സഡ് ചാര്‍ജ് നല്‍കണം. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഇതു നിശ്ചയിക്കുന്നത്.

2014 മുതല്‍ 2019 വരെ 207 കോടിയാണ് തീരുമാനിച്ചത്. 2018-ല്‍ സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടലോടെ അത് 200 കോടിയാക്കി. 2019-2024 കാലയളവില്‍ എന്‍.ടി.പി.സി.യും കെഎസ്.ഇ.ബി.യും കേന്ദ്ര റെഗുലേറ്ററി കമ്മിഷനെ സമീപിച്ച് ഇരുവര്‍ക്കും സമ്മതമായ രീതിയില്‍ തുക കുറയ്ക്കാന്‍ ധാരണയായി. എന്നാല്‍, കേന്ദ്ര കമ്മിഷന്റെ തെളിവെടുപ്പിന് എന്‍.ടി.പി.സി. ഹാജരായില്ല. കെ.എസ്.ഇ.ബി.യുടെ വാദം പരിഗണിച്ചില്ല. വര്‍ഷം ഫിക്‌സഡ് കോസ്റ്റായി കെ.എസ്.ഇ.ബി. 324 കോടി നല്‍കണമെന്നു വിധിച്ചു. കായംകുളം താപനിലയത്തിന്റെ യഥാര്‍ഥ പ്രവര്‍ത്തനച്ചെലവ് കണക്കാക്കി ഫിക്‌സഡ് കോസ്റ്റ് കുറയ്ക്കാമെന്ന നിബന്ധനയോടെയാണ് കമ്മിഷന്‍ തുക നിശ്ചയിച്ചത്. വര്‍ഷം 68 കോടിയാണ് താപനിലയത്തിന്റെ യഥാര്‍ഥചെലവെന്ന് കെ.എസ്.ഇ.ബി. കണക്കാക്കി. അതനുസരിച്ച് എന്‍.ടി.പി.സി.യുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

Top