ശാന്തിവനം സ്വാഭാവിക വനമല്ലെന്നും ജൈവ വൈവിധ്യ ബോര്‍ഡിന്റെ പരിധിയിലില്ലെന്നും കെ.എസ്.ഇ.ബി

kseb

കൊച്ചി : ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ടവര്‍ പദ്ധതി തടസപ്പെടുത്താനാണ് ഭൂവുടമ പരാതി ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

പദ്ധതിയുടെ ഭാഗമായി ഇനി രണ്ട് കിലോമീറ്ററോളം ലൈന്‍ മാത്രമേ സ്ഥാപിക്കാനുള്ളൂ. ഈ ഘട്ടത്തില്‍ അലൈന്‍മെന്റ് മാറ്റുന്നത് കൂടുതല്‍ ഭൂവുടമകളുടെ പരാതിക്കിടയാക്കുമെന്നും പദ്ധതി വൈകുമെന്നും കെ.എസ്.ഇ.ബി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ശാന്തിവനത്തില്‍ പരമാവധി 40 വര്‍ഷം വരെ പ്രായമുള്ള മരങ്ങള്‍ മാത്രമാണുള്ളത്. വിജ്ഞാപനം ചെയ്ത വനഭൂമിയല്ലെന്ന് വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദേശീയപാത വികസനത്തിനായി ഇവിടെ ഭൂമി ഏറ്റെടുത്തിരുന്നു. ദേശാടനപ്പക്ഷികളുടെ സങ്കേതമാണെന്നും വിവിധയിനം ജീവജാലങ്ങളെ സംരക്ഷിക്കുന്നെന്നുമുള്ള വാദം സ്ഥാപിത താല്‍പര്യത്തിനു വേണ്ടി ഉയര്‍ത്തുന്നതാണ്. എതിര്‍പ്പിനെ തുടന്ന് പദ്ധതി വൈകുന്നത് മൂലം 7.8 കോടി രൂപയില്‍ നടക്കേണ്ട പദ്ധതിയുടെ ചെലവ് 30.47 കോടി രൂപയായി വര്‍ധിച്ചു.

ഭൂമിയിലെ കാവില്‍ ഏപ്രില്‍ 20നും 21നും നൂറും പാലും പൂജയുള്ളതിനാല്‍ പണി നടത്തരുതെന്ന് ഹര്‍ജിക്കാരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ കാവില്‍ വിളക്ക് തെളിക്കുന്നുണ്ടെന്നും പാലഭിഷേകം നടത്തുന്നുണ്ടെന്നും പറയുന്നത് ശരിയല്ല. ടവര്‍ സ്ഥാപിക്കുന്നത് പൂജ നടത്തുന്നതിനോ ആരാധിക്കുന്നതിനോ തടസമല്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

Top