കൊച്ചി; ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കാനുള്ള കൗണ്ടറുകളുടെ സമയം കുറയ്ക്കാനൊരുങ്ങി കെഎസ്ഇബി. ഓണ്‍ലൈനിലൂടെയുള്ള ബില്‍ അടയ്ക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൗണ്ടറിന്റെ സമയം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതലാണ് പുതിയ പരിഷ്‌കരണം നടപ്പാക്കുന്നത്.
2000 രൂപയ്ക്ക് മുകളില്‍ ബില്ലുള്ള ഗാര്‍ഹികേതര ഉപഭോക്താക്കളില്‍ നിന്ന് കൗണ്ടറില്‍ പണം സ്വീകരിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. 150,000 കണക്ഷനുകളില്‍ താഴെയുള്ള ഇലക്ട്രിസിറ്റി ഓഫീസുകളില്‍ രാവിലെ 9 മുതല്‍ മൂന്ന് വരെ മാത്രമേ ബില്‍ അടയ്ക്കാനാവൂ. ഇതില്‍ അധികം കണക്ഷനുണ്ടെങ്കില്‍ സാധാരണ പോലെ എട്ട് മുതല്‍ ആറ് വരെ അടയ്ക്കാനാവും.
ഇപ്പോള്‍ നിലവിലുള്ള സമയക്രമം ജോലിയുള്ള ഉപഭോക്താക്കള്‍ക്ക് വളരെ സഹായകമായിരുന്നു. സമയം മാറുന്നതോടെ കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ ബില്‍ ഉപയോഗിക്കാന്‍ തുടങ്ങിയേക്കും.
വൈദ്യുതി വകുപ്പിന്റെ ഏത് ഓഫീസിലും ബില്‍ അടയ്ക്കാം എന്ന സൗകര്യം ഇപ്പോഴുമുണ്ട്. കെഎസ്ഇബിയുടെ 80 ശതമാനം ഉപഭോക്താക്കളും ഗാര്‍ഹിക വിഭാഗത്തിലുള്ളവരാണ്. ഇതില്‍ 9 ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ വഴി ബില്‍ അടയ്ക്കുന്നത്. നഗരങ്ങളില്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ്.