കാക്കനാട്: വൈദ്യുതി തൂണുകളില്‍ പോസ്റ്റര്‍ പതിക്കുന്നവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്ഇബി. തൂണുകളില്‍ പോസ്റ്റര്‍ പതിക്കുകയോ, എഴുതുകയോ ചെയ്താല്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്തും. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തിയാകും് ഇവര്‍ക്കെതിരെ കേസെടുക്കുക. വൈദ്യുതി പോസ്റ്റിലെ അപകടം ഒഴിവാക്കാനായി മഞ്ഞ പെയിന്റ് അടിച്ച് നമ്പര്‍ രേഖപ്പെടുത്തുന്ന ഭാഗത്താണ് പലരും പരസ്യം പതിക്കുന്നതെന്നാണ് പരാതി.
ഇതിന് പുറമേ പോസ്റ്റുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡും കൊടിതോരണങ്ങള്‍ കെട്ടുന്നതും അറ്റകുറ്റിപ്പണി നടത്തുന്ന ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ്. കേസിനു പുറമേ ഇവരില്‍ നിന്നും പിഴ ഈടാക്കാനും തീരുമാനമുണ്ട്. വൈദ്യുതി തൂണുകളില്‍ ഏതെങ്കിലും തരത്തിലുള്ള കൈയ്യേറ്റം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും മിക്ക വൈദ്യുതി പോസ്റ്റുകളും പരസ്യങ്ങളാല്‍ നിറഞ്ഞ് നില്‍ക്കുകയാണ്.