ഡല്‍ഹി: സംസ്ഥാന വൈദ്യുത ബോര്‍ഡിലെ സ്ഥാനക്കയറ്റത്തിന് സര്‍ക്കാര്‍ പുറത്തിറക്കിയ ഇളവുകള്‍ സുപ്രീംകോടതി ശരിവച്ചു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ചട്ടങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഇളവാണ് ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവുവുവിന്റെ അധ്യക്ഷതയില്‍ ഉളള ബെഞ്ച് ശരിവെച്ചത്. കേന്ദ്ര ചട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഇളവ് നല്‍കാന്‍ കഴിയില്ലെന്ന വാദം സുപ്രീം കോടതി തള്ളി. ഇതോടെ രണ്ട് വര്‍ഷമായി കെഎസ്ഇബിയില്‍ മുടങ്ങിക്കിടക്കുന്ന സ്ഥാനക്കയറ്റത്തിനുളള തടസങ്ങള്‍ നീങ്ങിയിരിക്കുകയാണ്.
2010-ലെ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ചട്ടങ്ങളുടെ ആറ്, ഏഴ് വകുപ്പുകളിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കി ഉത്തരവ് ഇറക്കിയത്. ആറാം വകുപ്പ് പ്രകാരം താപ വൈദ്യുത നിലയങ്ങളിലും, ജല വൈദ്യുത പദ്ധതികളിലും എന്‍ജിനീയര്‍, സൂപ്പര്‍വൈസര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയോ, ബിരുദമോ നിര്‍ബന്ധമാണ്. ചട്ടം ഏഴ് പ്രകാരം വൈദ്യുത വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനീയറിങ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ ഡിപ്ലോമ വേണമെന്നാണ് നിഷ്‌കര്ഷിച്ചിരിക്കുന്നത്.
എന്നാല്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് അനുവദിച്ച് 2019 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഈ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ചട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഇളവ് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ചട്ടങ്ങളില്‍ ഭേദഗതി കൊണ്ട് വരാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കെഎസ്ഇബിക്ക് വേണ്ടി ഹാജരായ പി.വി.ദിനേശ് വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി.സുരേന്ദ്ര നാഥ്, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ.ശശി എന്നിവര്‍ ഹാജരായി. വിവിധ ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ പി.എന്‍.രവീന്ദ്രന്‍, വി.ചിദംബരേഷ്, അഭിഭാഷകരായ കെ.രാജീവ്, ലക്ഷ്മീഷ് കാമത്ത് തുടങ്ങിയവര്‍ ഹാജരായി.