തിരുവനന്തപുരം : കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സിപിഐഎം ചര്‍ച്ച ചെയ്യും. അതുവരെ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃതലത്തിലെ ധാരണ. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയാല്‍ ഇന്നോ നാളെയോ ചേരുന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് വിവാദം പരിശോധിച്ചേക്കും. കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കുരുങ്ങിക്കിടക്കുന്ന സര്‍ക്കാരിനേയും പാര്‍ട്ടിയേയും കെഎസ്എഫ്ഇയിലെ പരിശോധന കൂടുതല്‍ പ്രതിരോധത്തിലാക്കി. പരിശോധന നടന്ന രീതിയിലെ അസ്വാഭാവികതകളാണ് സിപിഐഎമ്മിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. കെഎസ്എഫ്ഇയില്‍ ആകെ കുഴപ്പമാണെന്ന മട്ടില്‍ പ്രചാരണം നടന്നതുകൊണ്ടാണ് തോമസ് ഐസക്ക് രൂക്ഷമായി പ്രതികരിച്ചത്. ആനത്തലവട്ടം ആനന്ദനും ഒപ്പംകൂടി. എന്നാല്‍ ഈ ആരോപണങ്ങളെയൊക്കെ ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നിരകരിച്ചു.