തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ പരിശോധന നടപടികളുമായി മുന്നോട്ട് പോകുമെന്ന് വിജിലൻസ്. ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് സര്‍ക്കാരിന് റിപ്പോർട്ട് നൽകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ അറിയിക്കുന്നത്. റെയ്ഡ് അടക്കം നടപടി തുടരും. ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും വിജിലൻസ് അറിയിക്കുന്നു. വിവാദങ്ങൾക്കും ധനമന്ത്രി അടക്കമുള്ളവരുടെ എതിര്‍പ്പുകൾക്കും ഇടയിലും, നിലപാടിൽ മാറ്റമില്ലാതെ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചത്.
അതേ സമയം സര്‍ക്കാര്‍ കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അസംതൃപ്തിയാണ് വിജിലൻസ് നടപടിക്കെതിരെ ഉയരുന്നത്. സിപിഎം നേതാക്കളും കടുത്ത അഭിപ്രായ വ്യത്യാസം ഉന്നയിച്ചിട്ടുണ്ട്. ആരുടെ പരാതി അനുസരിച്ചാണ് പരിശോധന നടക്കുന്നത് എന്ന് വ്യക്തമാക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു. അതേസമയം ഓപ്പറേഷൻ ബചത് റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ചട്ടലംഘനങ്ങൾ ആണെന്നാണ് വിജിലൻസ് വിശദീകരിക്കുന്നത്.
ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ആണ് കണ്ടെത്തൽ . നാൽപ്പത് ശാഖകളിൽ നടന്ന പരിശോധനയിൽ 35 ഇടത്തും ക്രമക്കേട് ഉണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പരിശോധന സ്വാഭാവിക നടപടി മാത്രമാണെന്നാണ് വിജിലൻസിന്റെ വിശദീകരണം. ഇതിന് പിന്നിൽ രാഷ്ട്രീയ താൽപര്യം ഉണ്ടെന്ന ആക്ഷേപവും വിജിലൻസ് തള്ളി.