റോഹിങ്ക്യ,സിറിയ അഭയാർത്ഥികൾക്ക് ധനസഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ

റിയാദ് : മ്യാൻമാർ ഭരണകൂടത്തിന്റെ വംശഹത്യക്കിരയായ റോഹിങ്ക്യന്‍ വംശജര്‍ക്കും സിറിയന്‍ അഭയാര്‍ഥികള്‍ക്കും സൗദി അറേബ്യ ധനസഹായം പ്രഖ്യാപിച്ചു. റിയാദില്‍ നടന്ന കിങ് സല്‍മാന്‍ അന്താരാഷ്ട്ര ജീവകാരുണ്യ ഫോറത്തില്‍ ഇതിനായുള്ള കരാര്‍ ഒപ്പിട്ടു. ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനുമായാണ് കരാര്‍ ഒപ്പിട്ടത്.

കിങ് സല്‍മാന്‍ അന്താരാഷ്ട്ര ജീവകാരുണ്യ ഫോറത്തിന് കീഴിലായിരുന്നു ഫോറം. ഫോറത്തിൽ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനകളും സന്നദ്ധ സേവന സംഘങ്ങളും പങ്കെടുത്തു. കിങ് സല്‍മാന്‍ ജീവകാരുണ്യ കേന്ദ്രമാണ് അന്താരാഷ്ട്ര പലായന സംഘടനയോട് രണ്ട് കരാറുകളില്‍ ഒപ്പിട്ടത്.

ആദ്യത്തേത് ഗ്രീസിലേക്ക് പലായനം ചെയ്തെത്തിയ സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കാനാണ്. 42 ലക്ഷം സൗദി റിയാലാണ് ഇതിനായി അനുവദിച്ചത്. രണ്ടാമത്തേത് ബംഗ്ലാദേശില്‍ അഭയം തേടിയ റോഹിങ്ക്യകളെ സഹായിക്കാനാണ്. 87 ലക്ഷം ഡോളറാണ് ഈയിനത്തില്‍ അനുവദിച്ചത്. നേരത്തെ അഞ്ചരക്കോടി റിയാല്‍ റോഹിങ്ക്യകള്‍ക്ക് അനുവദിച്ചിരുന്നു.

ജീവകാരുണ്യ മേഖലയില്‍ അനുഭവിക്കുന്ന പ്രതിസന്ധികളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യാനാണ് രണ്ട് ദിവസത്തെ ഫോറം റിയാദില്‍ നടത്തിയത്. സിറിയന്‍ അഭയാര്‍ഥികള്‍ക്കായി 50 കോടി റിയാലിലേറെ ചിലവഴിച്ചിട്ടുണ്ട് കിങി സല്‍മാന്‍‌ ജീവകാരുണ്യ കേന്ദ്രം.

Top