കേടായ ബസ്സുകള്‍ എ സി വിശ്രമ മുറികളാക്കി കെഎസ്ആര്‍ടിസി

തൃശ്ശൂര്‍: നിരത്തിലിറങ്ങാത്ത ബസുകള്‍ വിശ്രമ കേന്ദ്രങ്ങളാക്കി മാറ്റി കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള ശീതീകരിച്ച മുറിയാക്കിയാണ് ഈ ബസുകളെ മാറ്റിയത്. കെ.എസ്.ആര്‍.ടി.സി സ്റ്റാഫ് സ്ലീപ്പര്‍ എന്നാണ് ഈ വിശ്രമമുറിയുടെ പേര്. തൃശ്ശൂര്‍ ഡിപ്പോയിലെ ബസുകളാണ് ഇത്തരത്തില്‍ രൂപം മാറ്റി ഉപയോഗിക്കുന്നത്.

പുറത്ത് നിന്ന് നോക്കിയാല്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ്സാണെന്നാണ് ഈ വിശ്രമ മുറികള്‍ കണ്ടാല്‍ തോന്നുക. കാലാവധി കഴിഞ്ഞ ബസിന്റെ എന്‍ജിന്‍ അഴിച്ചെടുത്ത് ചില മാറ്റങ്ങള്‍ വരുത്തിയാണ് മുറികള്‍ സജ്ജമാക്കിയിരിക്കുന്നത്. ബസ്സിനകത്ത് കയറിയാല്‍ ആദ്യം കാണുന്നത് ഭക്ഷണം കഴിക്കാന്‍ തയ്യാറാക്കിയിട്ടുള്ള ടേബിളുകളും അതിന് ആവശ്യമായ സ്റ്റൂളുകളുമാണ്. കൈകഴുകുന്നതിന് കണ്ണാടിയോട് കൂടിയ വാഷ് ബേസിനുകളുണ്ട്.

16 പേര്‍ക്ക് ഓരേ സമയം വിശ്രമിക്കുന്നതിനും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുമുള്ള ക്രമീകരണങ്ങളാണ് അകത്തുള്ളത്. എസിയും ഫാനും ലൈറ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ 1 ലക്ഷം രൂപക്ക് പൊളിച്ചെടുക്കാന്‍ കൊടുത്തിരുന്ന ബസുകളാണ് ഇപ്പോള്‍ പുതിയ രൂപത്തിലേക്കു മാറ്റിയത്. രൂപം മാറ്റുന്ന ബസുകള്‍ വ്യാപാര സ്ഥാപന നടത്തിപ്പിനായി കൈമാറാനും ആലോചനയുണ്ട്.

Top