കൊല്ലം : കൊല്ലം കടയ്ക്കല്‍ മടത്തറയില്‍ കെ.എസ്.ആര്‍.ടി.സി.ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അന്‍പതിലധികം പേര്‍ക്ക് പരിക്ക്.തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഒരാളുടെ നില ഗുരുതരമാണ്.രണ്ടു ബസുകളും അമിതവേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ബസില്‍ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
തെന്മല ഇക്കോ ടൂറിസം വിനോദസഞ്ചാരത്തിനെത്തിയവര്‍ യാത്ര ചെയ്തിരുന്ന ബസ് മടത്തറ അപകടവളവിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി.ബസില്‍ ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ ഫയര്‍ഫോഴ്‌സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റവരില്‍ 41 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 15 പേര്‍ കടക്കല്‍ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.ഗുരുതരമായി പരിക്കേറ്റ 24കാരിയായ അരിപ്പ സ്വദേശി ട്രാന്‍സിസ്റ്റ് ഐസിയുവില്‍ ചികിത്സയിലാണ്.