കെ.എസ്.ആര്‍.ടി.സി ബസ് വാങ്ങിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാന്‍; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: നവ കേരള സദസിന് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് വാങ്ങിയതിലുയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. നവകേരള സദസ് കഴിഞ്ഞാല്‍ ബസ് മറ്റ് ആവശ്യങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കും. ബസ് വാങ്ങിയത് കെ.എസ്.ആര്‍.ടി.സി ബജറ്റ് വിഹിതത്തില്‍ നിന്നാണെന്നും ആന്റണി രാജു പറഞ്ഞു. ഈ ബസ് വാങ്ങിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനാണെന്ന് മന്ത്രി.

പതിനെട്ടാം തീയതി ബസ് കാസര്‍ഗോഡ് നിന്ന് പുറപ്പെടും. ബസ് ഇപ്പോഴുള്ളത് ബംഗളൂരുവില്‍ അല്ല. സര്‍ക്കാരാണ് ബസിന് പണം നല്‍കുന്നത്. ബസ് നവീകരിക്കുന്നത് ആഡംബരമല്ല. ടോയ്‌ലറ്റ് അധികമായി ഉണ്ട് എന്നത് ഒഴിച്ചാല്‍ മറ്റൊരു ആഡംബരവും ഇതിലില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാല്‍ ഇതിലും കൂടുതലാകും ചെലവ്. ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. നവ കേരള സദസിന് ശേഷവും ഈ ബസ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയും. നവകേരള സദസിന്റെ ഭാഗമായി സര്‍ക്കാര്‍ ഉപയോഗത്തിന് ബസ് വാങ്ങാന്‍ ഒരു കോടി അഞ്ച് ലക്ഷം അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. നവംബര്‍ 10 നാണ് ബസ് വാങ്ങാന്‍ ധനവകുപ്പ് പണം അനുവദിച്ചത്.

Top