കോഴിക്കോട്: കെ എസ് ആര്‍ ടി സിയുടെ കോഴിക്കോടുള്ള കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാന്‍ ഗതാഗത മന്ത്രിയുടെ ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐ ഐ ടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഗതാഗതമന്ത്രിയുടെ നടപടി. കെട്ടിട നിര്‍മാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തോട് ഐ ഐ ടി റിപ്പോര്‍ട്ട് കൂടി പരിഗണിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഐ ഐ ടി സ്ട്രക്ചറല്‍ എഞ്ചിനിയറിംഗ് വിദഗ്ദ്ധന്‍ അളകപ്പ സുന്ദരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കെട്ടിടം ഉടന്‍ ബലപ്പെടുത്തണമെന്ന സംഘത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് ഗതാഗത മന്ത്രി വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയത്. കെട്ടിടം ഒഴിപ്പിച്ചതിനു ശേഷം നിര്‍മാണ പ്രവൃത്തികള്‍ക്കായി പുതിയ ടെണ്ടര്‍ വിളിക്കും. 75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്. ബലപ്പെടുത്താന്‍ 30 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്.
2015ലാണ് ഒന്‍പത് നിലകളിലായി വ്യാപാര സമുച്ചയവും കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡും ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് കെട്ടിടം പ്രവര്‍ത്തന സജ്ജമായത്. നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് കെ എസ് ആര്‍ ടി സി കെട്ടിടം പൂര്‍ണ തോതില്‍ ഉപയോഗിച്ച് തുടങ്ങിയത്.
ബസ് സ്റ്റാന്‍ഡ് ഇവിടെ നിന്നും മാറ്റുന്നതിനും കെ എസ് ആര്‍ ടി സിക്കു മുന്നില്‍ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. പാവങ്ങാട് ഡിപ്പോയിലേക്ക് തല്‍ക്കാലം സ്റ്റാന്‍ഡ് മാറ്റാം എന്ന നിര്‍ദേശമുണ്ടെങ്കിലും എട്ട് കിലോമീറ്റര്‍ അകലെയുള്ള ഡിപ്പോയിലേക്ക് സര്‍വീസുകള്‍ മാറ്റുന്നത് കോര്‍പ്പറേഷന് അധിക ചിലവ് വരുത്തിവയ്ക്കും. നഗരത്തിനുള്ളില്‍ തന്നെ സ്ഥലം കണ്ടെത്തി സ്റ്റാന്‍ഡ് മാറ്റാനാണ് ശ്രമമെങ്കിലും ഇത് അത്ര എളുപ്പമല്ല.