റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് ആരംഭിക്കും. നിയന്ത്രണങ്ങളോടെയാണ് സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.

റെഡ് സോണിലുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലൊഴികെയാണ് സര്‍വ്വീസ് നടത്തുക.

കൂടാതെ, ഓറഞ്ച് എ, ബി സോണുകളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയുണ്ട്. ഓറഞ്ച് എ സോണിലെ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ 24ന് ശേഷവും ഓറഞ്ച് ബി സോണിലെ തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 20ന് ശേഷവും സ്വകാര്യ വാഹനങ്ങള്‍ നമ്പറടിസ്ഥാനത്തില്‍ നിരത്തിലിറക്കാം.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റയക്ക നമ്പറുള്ള വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ടയക്ക നമ്പറുളള വാഹനങ്ങളും നിരത്തിലിറക്കാന്‍ അനുവദിക്കും.

അതേസമയം, നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്ന് പേരെ മാത്രമേ അനുവദിക്കൂ. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ. എന്നാല്‍ കുടുംബാംഗങ്ങളാണെങ്കില്‍ രണ്ട് പേര്‍ക്ക് യാത്രചെയ്യാം. മാത്രമല്ല യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുന്ന കോട്ടയം, ഇടുക്കി ജില്ലകളില്‍ അന്തര്‍ജില്ല ഗതാഗതം ഒഴികെയുള്ള വാഹനഗതാഗതം അനുവദിക്കും. അതേസമയം ഓറഞ്ച് എ, ബി സോണുകളിലെ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ഈ ഇളവുകള്‍ ബാധകമായിരിക്കില്ല.

Top