ആനവണ്ടിയിലെ ജീവിതവും കഷ്ട്ടപാടും; പങ്കുവച്ച് കണ്ടക്ടറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

മുക്ക് ചേര്‍ത്ത് പിടിക്കണ്ടെ..തകരാതെ ഇരിക്കാന്‍..അടച്ചു പൂട്ടാതെ ഇരിക്കാന്‍…’ പയ്യന്നൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഷൈനി സുജിത്തിന്റെ വാക്കുകളാണിത്. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭവഴിയില്‍ നടത്താനായി ശ്രമങ്ങള്‍ പലതുണ്ടായിട്ടുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ നൊമ്പരപ്പെടുത്തുന്ന ജീവിതാനുഭവം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ് എത്തിയിരിക്കുന്നത്. ഷൈനി തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് ഈ അനുഭവം പങ്കുവച്ചിരിക്കുന്നത്.

ഷൈനി സുജിത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം


ഒരു ക്യാഷ് ബാഗ് വാങ്ങുക എന്ന ഉദ്ദേശ്യവും ആയി കടയില്‍ കയറിയത് ആയിരുന്നു ഞാന്‍. ഈ കണ്ടക്ടര്‍മാര്‍ കൊണ്ട് നടക്കുന്ന ബാഗ് ഇല്ലേ അത്. 450 രൂപ വില. കടക്കാരന്‍ പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടി. കുറച്ച് കൂടുതല്‍ ആണ്, പക്ഷേ ആവശ്യമുണ്ട്. ഇനി യൂണിഫോം വാങ്ങണം. ഉള്ളത് കീറാന്‍ തുടങ്ങി. കോട്ട് തുണി മീറ്ററിന് 250 രൂപ. 2 മീറ്റര്‍ വേണം ഒരു കോട്ടു തയ്ക്കണമെങ്കില്‍ തയ്യല്‍ കൂലിയോ അതിലും കഷ്ടം. എല്ലാം വാങ്ങിച്ചു കേട്ടോ. വാങ്ങാതെ ഇരിക്കാന്‍ കഴിയില്ല.

2012 ല്‍ ക്യാഷ് ബാഗ് 100 രൂപ കാണും. യൂണിഫോം കാക്കിക്ക് 50 രൂപ ഉണ്ടാവും. ഇപ്പൊള്‍ മാറിയ ജീവിതസാഹചര്യം, എല്ലാത്തിനും വില കൂടി. ഒരു ഗ്ലാസ് ചായക് 5 രൂപ ഉണ്ടായിരുന്നത് 10 ആയി. എന്നിട്ടും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം 2012 ലെതാണ്.

നിയമന ഉത്തരവ് കൈയില്‍ കിട്ടിയപ്പോള്‍ മുതല്‍ കേള്‍ക്കുന്നത് ആണ് ”ഓ, എന്നാപ്പ.. മാസം 15 ദിവസം പണി എടുത്താല്‍ പോരെ” എന്ന്. വെളുപ്പിന് 3.15 നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ വരാന്‍ കഴിയില്ല. ഡിപ്പോയില്‍ കിടക്കണം. വൈകുന്നേരം ബ്ലോക്കില്‍ കുടുങ്ങാതെ എത്തിയാല്‍ ചിലപ്പോ വീട്ടിലേക്ക് പോകാം. അല്ലെങ്കില്‍ അന്നും അവിടെ തന്നെ കിടക്കണം. അപ്പോളേക്കും എത്ര മണിക്കൂര്‍ ആയി?

ഇനി നമ്മള്‍ തലേന്ന് എത്തി പിറ്റേന്ന് റെഡി ആയി വന്നാല്‍ ചിലപ്പോള്‍ ബസ് കാണില്ല.അല്ലെങ്കില്‍ ഡ്രൈവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ലീവ് വന്ന് അന്ന് പോകാന്‍ കഴിയില്ല എന്ന് കരുതുക. അപ്പോ ഒപ്പിട്ട് ശമ്പളം വാങ്ങിക്കാന്‍ സാധാരണ സര്‍ക്കാര്‍ ജീവനക്കാരെ പോലെ ഞങ്ങള്‍ക് കഴിയില്ല. അന്നത്തെ ദിവസം lose of pay, അതായത് ശമ്പളം ഇല്ലാത്ത ഡ്യൂട്ടി ആയി കണക്ക് കൂട്ടും.

ചിലര്‍ ചോദിക്കും ”ഒരു വണ്ടിക്ക് ആറ് ജീവനക്കാര്‍ ഇല്ലെ, പിന്നെ എവിടെ ഗതി പിടിക്കും” എന്ന്. ഈ പറയുന്ന പോലെ ശമ്പളം വാങ്ങിയാല്‍ പിന്നെ എത്ര ജീവനക്കാര്‍ ഉണ്ടായിട്ടും എന്താണ് കാര്യം. ജോലി ചെയ്തവനെ ഉള്ളൂ കൂലി. എല്ലാം പഴഞ്ചന്‍ ആണ്. ടിക്കറ്റ് മെഷീന്‍ കേടായാല്‍ കൊടുക്കുന്ന റാക് ടിക്കറ്റ് കണ്ടിട്ടുണ്ടോ? പൊടിഞ്ഞ് ദ്രവിച്ച് തീരാറായ കുറെ ടിക്കറ്റുകള്‍.

പറഞ്ഞാലും തീരാത്ത ഒരു പാട് കാര്യങ്ങള് ഉണ്ട്. ശമ്പള പരഷ്‌ക്കരണത്തിന് വേണ്ടി സമരം ചെയ്യാനിരുന്നവര്‍ ഇപ്പോ ശമ്പളം, അതായത് ചെയ്ത ജോലിക്ക് കൂലി കിട്ടാനും സമരം ചെയ്യേണ്ട അവസ്ഥ ആണ്. സര്‍ക്കാര്‍ ഒട്ടനവധി സഹായങ്ങള്‍ ചെയ്യുന്നുണ്ട് എങ്കിലും മാനേജ്‌മെന്റ് പിടിപ്പുകേട് കൊണ്ട് പിന്നെയും അടച്ചു പൂട്ടുക എന്ന ആശയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

കെഎസ്ആര്‍ടിസി നിലനിന്നു കാണണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. രാവിലെ ഡ്യൂട്ടിക്ക് പോകുന്ന പ്രൈവറ്റ് ബസ് ജീവനക്കാര്‍ മുതല്‍ ട്രെയിനിന് കണക്ട് ചെയ്യുന്നത്, ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക്, രാത്രി എന്നോ പകല്‍ എന്നോ ഭേദമില്ലാതെ ഞങ്ങള്‍ ഓടി വരുന്നത് നിങ്ങളിലേക്ക്..നിങ്ങള്‍ക്ക് വേണ്ടി..

ഒരിത്തിരി സമയം കാത്തു നില്‍ക്കുമ്പോള്‍ കടന്നു വരുന്ന ഒരു കെഎസ്ആര്‍ടിസി ബസ് നമ്മളെ എത്രയോ ആശ്വസിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്ന് പോയാലും കെഎസ്ആര്‍ടിസി നിലനിന്നു കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. എന്റെ മോനും കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാന്‍ ആണ് കൂടുതല്‍ ഇഷ്ടം. നമുക്ക് ചേര്‍ത്ത് പിടിക്കണ്ടെ..തകരാതെ ഇരിക്കാന്‍..അടച്ചു പൂട്ടാതെ ഇരിക്കാന്‍…

https://www.facebook.com/photo.php?fbid=2417779368345374&set=a.772236839566310&type=3&permPage=1

Top