കൊല്ലം : ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ദേഹത്തു പെട്രോളൊഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചു.
കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ കുണ്ടറ കൊറ്റങ്കര സ്വദേശി വിനോദ് (33) ആണ് ആത്മഹത്യക്കു ശ്രമിച്ചത്. കുപ്പിയില്‍ നിറച്ചു കൊണ്ടുവന്ന പെട്രോള്‍ ദേഹത്തു ഒഴിച്ചെങ്കിലും സഹപ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കുകയായിരുന്നു.
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നു സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ ജീവനക്കാര്‍ രവിലെ മുതല്‍ സമരം നടത്തുകയാണ്.
പല ഡിപ്പോകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെയാണു സമരം. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയായ ഐഎന്‍ടിയുസി അംഗങ്ങള്‍ കൂട്ടഅവധിയെടുത്താണു പ്രതിഷേധം അറിയിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണു സമരം കൂടുതല്‍ ശക്തമായിരിക്കുന്നത്. ജീവനക്കാര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ പലതും മുടങ്ങി.
പല സ്ഥലങ്ങളിലേക്കു പോകാനെത്തിയ യാത്രക്കാര്‍ യാത്ര തുടരാനാകാതെ കുടുങ്ങി. ബസ് സ്റ്റാന്‍ഡുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളം പാസാക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണു ജീവനക്കാര്‍.