തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കാര്‍ഡില്‍. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ച (സെപ്തംബര്‍ -4) പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു. ഈ ഓണക്കാലത്ത് ആഗസറ്റ് 26 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിക്ക് ലഭിച്ചത്. അതില്‍ 5 ദിവസം വരുമാനം 7 കോടി രൂപ കടന്നു. 26 ന് 7.88 കോടി, 27 ന് 7.58 കോടി, 28 ന് 6.79 കോടി, 29 തിന് 4.39 കോടി, 30 തിന് 6.40 കോടി, 31 ന് 7.11 കോടി, സെപ്തംബര്‍ 1 ന് 7.79 കോടി, 2 ന് 7.29 കോടി, 3 ന് 6.92 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.
കെഎസ്ആര്‍ടിസി മാനേജ്‌മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റെക്കോര്‍ഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നില്‍ രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു. ഇതിന് മുന്‍പ് 2023 ജനുവരി 16 ന് ശബരിമല സീസണില്‍ ലഭിച്ച 8.48 കോടി എന്ന റിക്കാര്‍ഡ് വരുമാനമാണ് ഇപ്പോള്‍ ഭേദിച്ചിരിക്കുന്നത് എന്നത് തിളക്കം വര്‍ദ്ധിപ്പിക്കുന്നു.കൂടുതല്‍ ബസുകള്‍ നിരത്തില്‍ ഇറക്കി 9 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാല്‍ കൂടുതല്‍ പുതിയ ബസുകള്‍ എത്തുന്നതില്‍ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും സിഎംഡി അറിയിച്ചു.