ഈരാറ്റുപേട്ട: പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടിലേക്ക് ഓടിച്ചിറക്കിയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്യുക. മോട്ടോര്‍ വാഹന വകുപ്പ് ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
നേരത്തെ, വെള്ളക്കെട്ടിലൂടെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ ബസ് ഓടിച്ചതിന്റെ പേരില്‍ ജയദീപിന് സസ്പെന്‍ഷന്‍ കിട്ടിയിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരം കെഎസ്ആര്‍ടിസി എംഡിയാണ് ജയദീപനെ സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്‍ഷനിലായ ശേഷം ജയദീപ് കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബസ് ഓടിച്ചു പോകുന്നതിനിടെ വെള്ളം പെട്ടെന്ന് കയറുകയായിരുന്നുവെന്നാണ് ജയദീപ് സംഭവത്തില്‍ നല്‍കിയ വിശദീകരണം. പ്രതിസന്ധി ഘട്ടത്തില്‍ ആത്മധൈര്യത്തോടെയാണ് പെരുമാറിയത്. വേണമെങ്കില്‍ തനിക്ക് നീന്തി രക്ഷപ്പെടാമായിരുന്നു. എന്നാല്‍ എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു ലക്ഷ്യം. യാത്രക്കാര്‍ തന്നെ ചീത്തപറഞ്ഞോ എന്ന കാര്യവും പരിശോധിക്കണമെന്നും ജയദീപ് പറഞ്ഞിരുന്നു.