തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ തന്റെ കാമിനിയായി കണ്ട് സ്നേഹിച്ചിരുന്നുവെന്ന് ടോമിന്‍ ജെ തച്ചങ്കരി. കെഎസ്ആര്‍ടിസി എം.ഡി സ്ഥാനം മത്സരിച്ച് വാങ്ങിയതല്ലെന്നും അത് കാലം തെളിയിക്കുമെന്നും, താന്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് മടങ്ങുന്നതെന്നും സ്ഥാനമൊഴിയുന്ന വേളയില്‍ കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് നടന്ന വിടവാങ്ങല്‍ പ്രസംഗത്തിനിടെ ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.
സംഘടനാ നേതാക്കളോടോ ജീവനക്കാരോടോ തനിക്ക് യാതൊരു വെറുപ്പോ വിദ്വേഷമോ ഇല്ല. അവര്‍ ശീലിച്ച കാര്യങ്ങളില്‍ മാറ്റം വന്നത് കൊണ്ടുള്ള എതിര്‍പ്പാകാം അവര്‍ക്ക് ഉണ്ടായത്. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കെ.എസ്.ആര്‍.ടി.സി എം.ഡി എന്നത് വലിയ പോസ്റ്റല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്വം കൊണ്ടാണ് സ്ഥാനം ഏറ്റെടുത്തതെന്നും തച്ചങ്കരി പറഞ്ഞു.
അപ്രതീക്ഷിതമായായിരുന്നു കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ അടിയന്തിരമായി മാറ്റിക്കൊണ്ട് മന്ത്രിസഭാ തീരുമാനം ഉണ്ടായത്. നിലവില്‍ ഡി.ജി.പി പദവിയിലുള്ള ടോമിന്‍ തച്ചങ്കരി പൊലീസിന്റെ ക്രൈം റേക്കോര്‍ഡ് ബ്യൂറോ തലവനാണ്. കെ.എസ്.ആര്‍.ടി.സി എംഡിയായി അദ്ദേഹം അധിക ചുമതല വഹിക്കുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായ എം.പി ദിനേശനെയാണ് പുതിയ എം.ഡിയായ് നിയമിച്ചിരിക്കുന്നത്.