കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ട്രാന്‍സ് വിഭാഗക്കാരെ നിയമിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ട്രാന്‍സ് വിഭാഗക്കാരെ നിയമിക്കാന്‍ തീരുമാനം. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്കാണ് നിയമനം. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നല്‍കും. അതേസമയം, മകരവിളക്കിനോടനുബന്ധിച്ച് 800 ബസുകള്‍ സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുമെന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ ഭക്തര്‍ക്ക് തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനും നിര്‍ത്തിയിട്ടിരിക്കുന്ന ബസിന്റെ ഉള്ളിലേക്ക് കയറുന്നതിനുമായി നാലു ബാരിക്കേഡുകള്‍ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. പമ്പയില്‍ നിന്നും ആരംഭിക്കുന്ന ദീര്‍ഘദൂര ബസുകളില്‍ ആളുകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ അവ നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ കയറേണ്ടതില്ല. ബസില്‍ ആളു നിറഞ്ഞിട്ടില്ലെങ്കില്‍ ബസുകള്‍ നിര്‍ബന്ധമായും നിലയ്ക്കലില്‍ കയറണം.

നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങള്‍ പരമാവധി ചെയിന്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തണം. ഇവ ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. അനൗണ്‍സ്‌മെന്റ് സൗകര്യവും ഒരുക്കും. ദേവസ്വം ബോര്‍ഡ് നിലയ്ക്കലിലെ റോഡുകളിലെ കുഴികള്‍ അടിയന്തിരമായി അടയ്ക്കണം. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ തിരക്കുകളില്‍ പിടിച്ചിടരുത്.

ബസ് വന്നെങ്കില്‍ മാത്രമേ തിരക്ക് നിയന്ത്രിക്കാനാവൂ. അത്തരം സാഹചര്യമുണ്ടായാല്‍ പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വാഹനം പോകുന്നതിനു അവസരമൊരുക്കണം. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കും, ദീര്‍ഘദൂര ബസുകളിലെ ഡൈവര്‍മാര്‍ക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇലവുങ്കല്‍ സേഫ് സോണ്‍, നിലയ്ക്കല്‍, പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മന്ത്രി ഗണേഷ് കുമാര്‍ സന്ദര്‍ശനം നടത്തി.

Top