പാലക്കാട്: കെഎസ്ആർടിസിയിൽ നിർബന്ധിത വിആർഎസ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചകളും ഉണ്ടായിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് റിപ്പോർട്ട് നൽകുന്ന പതിവുണ്ട്. ഇങ്ങനെ സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശമാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
‘ഇക്കാര്യത്തിൽ കെഎസ്ആർടിസി മാനേജ്‌മെന്റോ സർക്കാരോ ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ല. അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ല. യൂണിയനുകളുമായി ഇത്തരമൊരു ആശയവിനിമയം സർക്കാർ തലത്തിൽ നടത്തിയിട്ടില്ല. ഇത് കാലാകാലങ്ങളിൽ ധനവകുപ്പ് പലവകുപ്പുകളുമായി സാമ്പത്തിക സഹായത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഉയർന്നുവരുന്ന നിർദേശങ്ങളാണ്. ഇങ്ങനെ ഒരു തീരുമാനം സർക്കാർ എടുത്തിട്ടില്ല’- മന്ത്രി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ധനവകുപ്പ് നേരത്തെ കെഎസആർടിസിയോട് നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിക്ക് പ്രാഥമികമായ റിപ്പോർട്ട് കെഎസ്ആർടിസി മാനേജ്‌മെന്റ് നൽകിയിരുന്നു. അൻപത് പിന്നിട്ടവർക്കും 20 വർഷം സർവീസ് പൂർത്തിയായവർക്കും സ്വയം വിരമിക്കാം എന്നതാണ് ഒരു പ്രധാനനിർദേശം. ഇതിനായി 7200 പേരുടെ പട്ടിക മാനേജ്മെന്റ് തയ്യാറാക്കിയിരുന്നു.
ഒരാൾക്ക് കുറഞ്ഞത് പതിനഞ്ച് ലക്ഷം രൂപ നൽകാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങൾ വിരമിക്കൽ പ്രായത്തിനുശേഷം നൽകും. വിആർഎസ് നടപ്പാക്കിയാൽ ശമ്പള ചെലവിൽ അൻപത് ശതമാനം കുറയുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ.
വിആർഎസ് നടപ്പാക്കാൻ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. ആകെ 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആർടിസിയിലുള്ളത്. കുറെ ജീവനക്കാരെ വിആർഎസ് നൽകി മാറ്റി നിർത്തിയാൽ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.