തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ജനുവരി രണ്ടാം തിയതി സുപ്രിം കോടതിയെ സമീപിക്കാനാണ് തീരുമാനം.
കാലാകാലങ്ങളില്‍ ഭരിച്ച സര്‍ക്കാരുകളും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റുമാണ് തങ്ങളെ പെരുവഴിയിലാക്കിയതെന്നാണ് എം.പാനല്‍ ജീവനക്കാരുടെ നിലപാട്. സുപ്രിം കോടതിയെ സമീപിക്കാന്‍ തയ്യറാകാത്ത കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനും സംസ്ഥാന സര്‍ക്കാറിനും എതിരെ ഇന്ന് വൈകുന്നേരം ആലപ്പുഴയില്‍നിന്നും ലോംഗ് മാര്‍ച്ച് നടത്തും. മുവായിരത്തിലധികം എം പാനല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി ശക്തമായ സമരം നടത്താനാണ് എംപാനല്‍ കൂട്ടായ്മയുടെ തീരുമാനം.
അതേസമയം താല്‍ക്കാലിക കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി കെ എസ് ആര്‍ ടി സിയില്‍ തുടരുകയാണ്. ആയിരത്തിലേറെ സര്‍വ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. യാത്രക്കാരുടെ ദുരിതത്തിന് പുറമെ കെ എസ് ആര്‍ ടി സിയുടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്.
പി എസ് സി നിയമന ഉത്തരവ് നല്‍കിയ 4,051 ഉദ്യോഗാര്‍ത്ഥികളോട് നാളെ കെ എസ് ആര്‍ ടി സി ആസ്ഥാനത്തെത്താന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇവരെ നിയമിക്കണമെന്ന ഹൈക്കോടതി അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടി. 3,091 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരുക്കുന്നത്.
ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആര്‍ ടി സിയിലെ 3,862 താല്‍ക്കലിക കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്.