തിരുവനന്തപുരം: 14 കോടിരൂപ ലാഭ പ്രതീക്ഷയില്‍ കുറഞ്ഞ വരുമാനമുള്ള കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറിബസുകളില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും രണ്ടാഴ്ചയ്ക്കകം സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കും.
ദിവസം 7,000 രൂപയില്‍താഴെ വരുമാനമുള്ള 1800 ബസുകളില്‍ ഇത് നടപ്പാക്കുമ്പോള്‍ പത്തുമണിക്കൂറില്‍താഴെ ജോലിചെയ്യുന്നവര്‍ക്ക് ഇരട്ടഡ്യൂട്ടി നല്‍കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടമാണ് ഒഴിവാകുന്നത്.
തൊഴിലാളിസംഘടനകളുമായി ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടന്നുകഴിഞ്ഞു.അതേസമയം, ലാഭത്തിലുള്ള 25 ശതമാനത്തില്‍ ഡബിള്‍ ഡ്യൂട്ടി സംവിധാനം തുടരും.
വാഹനം ഓടുന്ന സമയം (സ്റ്റിയറിങ് അവേഴ്‌സ്) അടിസ്ഥാനമാക്കിയാണ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഡ്യൂട്ടി കണക്കാക്കുന്നത്. എട്ടുമണിക്കൂര്‍ ഡ്യൂട്ടിയില്‍ യാത്രതുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും അരമണിക്കൂര്‍ വീതം തയ്യാറെടുപ്പ് സമയവും അരമണിക്കൂര്‍ വിശ്രമവും അനുവദിച്ചിട്ടുണ്ട്. ആറരമണിക്കൂര്‍ ജോലിചെയ്താല്‍ ഒരു ഡ്യൂട്ടി ലഭിക്കും.
ഓര്‍ഡിനറി ബസുകളില്‍ പകുതിയിലും ഒമ്പതുമണിക്കൂറില്‍ത്താഴെയാണ് സ്റ്റിയറിങ് അവര്‍. ഇതിലെ ജീവനക്കാര്‍ക്ക് 13 മണിക്കൂറിനുള്ള ശമ്പളമാണ് ഡബിള്‍ഡ്യൂട്ടി സംവിധാനത്തില്‍ നല്‍കുന്നത്. മറ്റുസംസ്ഥാനങ്ങളില്‍ ആറരമണിക്കൂര്‍ സ്റ്റിയറിങ് അവര്‍ ഒരു ഡ്യൂട്ടിയായി കണക്കാക്കി, അധികജോലിക്ക് ആനുപാതികവേതനം നല്‍കുന്നതാണ് രീതി.
പുതിയസമ്പ്രദായം നിലവില്‍വരുമ്പോള്‍ അധികമാകുന്ന ജീവനക്കാരെ മറ്റുവാഹനങ്ങളിലേക്ക് മാറ്റാനാകും. ജീവനക്കാരില്ലാത്തതിനാല്‍ സര്‍വീസ് നടത്താനാകാതെ കിടക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കാനും കഴിയുകഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോര്‍പ്പറേഷനില്‍ 5,000 ബസുകള്‍ക്കായി 35,309 സ്ഥിരം ജീവനക്കാരും 9,175 താത്കാലിക ജീവനക്കാരുമാണുള്ളത്.
സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമ്പോഴുണ്ടാക്കുമ്പോള്‍ ഒരു ബസിന് 1.3 വീതം ഡ്രൈവറും കണ്ടക്ടറും മതിയാകും അങ്ങനെ ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം കുറയ്ക്കാനാകുമെന്നാണ് നിഗമനം.