സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനൊരുങ്ങി കെ.എസ്.ആര്‍.ടിസി. ദിവസം ഒന്‍പതുകോടിരൂപ വരുമാനംനേടാനുള്ള ലക്ഷ്യം കൈവരിക്കാന്‍ കെ.എസ്.ആര്‍.ടി.സി. വിവിധ യൂണിറ്റ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. ഏഴുമുതല്‍ എട്ടുവരെ കോടി രൂപയാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിദിനവരുമാനം. ഇത് ഒന്‍പതു കോടിയിലേക്കെത്തിക്കണമെന്നാണു നിര്‍ദേശം. കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തിന്റെ 90 ശതമാനവും ഇപ്പോള്‍ ടിക്കറ്റിലൂടെയാണ്. എന്നാല്‍ കോവിഡിനുശേഷം വരുമാനം കൂടിയിട്ടുമുണ്ട്.
ചെലവുചുരുക്കി, കാര്യക്ഷമമായി സര്‍വീസ് നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജനറല്‍ മാനേജര്‍മാരായി മൂന്ന് കെ.എ.എസുകാരെയും ചീഫ് ഓഫീസില്‍ ജനറല്‍ മാനേജരായി(പ്രോജക്ട്സ്) മറ്റൊരു കെ.എ.എസ്. ഓഫീസറെയും നിയമിച്ചിട്ടുണ്ട്. വരുമാനംകൂട്ടാന്‍ വിവിധ നിര്‍ദേശങ്ങളാണ് എക്സിക്യുട്ടീവ് ഡയറക്ടര്‍(ഓപ്പറേഷന്‍സ്) നല്‍കിയിരിക്കുന്നത്. യാത്രക്കാരേറെയുള്ള റൂട്ടുകളിലാകും ബസുകള്‍ ഇനി കുടുതലായി ക്രമീകരിക്കുക. ബസ് സ്റ്റേഷനുകളില്‍ യാത്രക്കാരുടെ തിരക്കുപരിഗണിച്ചാകും അധിക സര്‍വീസ്. യാത്രക്കാരില്ലാതെ, ബസുകള്‍ ഒന്നിനുപുറകെ മറ്റൊന്നായി ഓടുന്നത് അവസാനിപ്പിക്കും. ട്രിപ്പ് മുടക്കവും സര്‍വീസ് റദ്ദാക്കലും ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. വീഴ്ചവരുത്തുന്നവര്‍ക്കെതിരേയുള്ള കൃത്യമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട മേലധികാരികള്‍ നല്‍കുകയും വേണം.
ഓണ്‍ലൈന്‍ റിസര്‍വേഷനുള്ള സര്‍വീസുകള്‍ റദ്ദാക്കരുതെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ പകരം ബസ് ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ശബരിമലസീസണിലെ സര്‍വീസുകളുടെ കണക്കെടുക്കുമ്പോള്‍ വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോര്‍പ്പറേഷന്‍. വൈക്കത്തഷ്ടമി പ്രമാണിച്ച് കൂടുതല്‍ സര്‍വീസ് നടത്തിയപ്പോള്‍ വരുമാനവര്‍ധനയുണ്ടായി. കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന വിനോദസഞ്ചാര -തീര്‍ഥാടന സര്‍വീസുകളും മികച്ചവരുമാനം നേടുന്നുണ്ട്.