കെ എസ് ആര്‍ ടി സി യിലെ നില്‍പ്പ് യാത്ര ;വാഹനചട്ടത്തില്‍ ഭേദഗതി വരുത്തും

ksrtc

തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ നിയമോപദേശം. കെ എസ് ആര്‍ ടി സിയുടെ അവസ്ഥ പരിഗണിച്ചാണ് നടപടി. സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുകളിലാണ് ഭേദഗതി കൊണ്ടു വരിക. ഇതു സംബന്ധിച്ച്‌ ഉടന്‍ ഉത്തരവിറക്കും.

നിലവില്‍ സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ നിന്ന് യാത്ര ചെയ്യാനാവില്ല. എന്നാല്‍ നിയമഭേദഗതി വന്നാല്‍ ഒരു നിശ്ചിത ശതമാനം ആളുകള്‍ക്ക് നില്‍ക്കാന്‍ അവസരം ലഭിക്കും. കോടതി വിധി ധിക്കരിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

ഹൈക്കോടതി വിധിയുടെ ഉദ്ദേശശുദ്ധിയെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടെങ്കിലും നിലവില്‍ ഉത്തരവ് നടപ്പാക്കുക പ്രായോഗികമല്ലെന്നാണ് മന്ത്രി അറിയിച്ചത്. കെഎസ്ആര്‍ടിസിയുടെ നഷ്ടം മാത്രം കണക്കാക്കിയല്ല, യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ചട്ടം ഭേദഗതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്സവ സീസണുകളിലും അവധി ദിവസങ്ങളോട് അടുത്ത ദിവസങ്ങളിലുമാണ് ഉത്തരവ് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുക. ഉത്തരവ് പാലിച്ചാല്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് കുറ്റകരമാകും. ഇത് മറികടക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കാനും സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നിലവിലെ ഉത്തരവ് മറികടക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ 67 (2) ചട്ടമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. ചട്ടം ഭേദഗതി ചെയ്തുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

Top