കെഎസ്ആർടിസി, കെടിഡിഎഫ്സി വായ്പ കണക്കുകളിൽ പൊരുത്തക്കേട്

ksrtc

കോഴിക്കോട്∙ കെടിഡിഎഫ്സി, കെഎസ്ആർടിസിക്കു നൽകിയ വായ്പ സംബന്ധിച്ച് ഇരു കോർപറേഷനുകളുടെയും കണക്കുകളിൽ പൊരുത്തക്കേട്. കെടിഡിഎഫ്സിയുടെ കണക്കനുസരിച്ച് ഹ്രസ്വകാല, ദീർഘകാല വായ്പകളിലായി പലിശയടക്കം 491.64 കോടിരൂപ കെഎസ്ആർടിസി തിരിച്ചടയ്ക്കാനുണ്ട്. എന്നാൽ കെഎസ്ആർടിസിയുടെ കണക്കുകളിൽ ഈ തുക ഉൾപ്പെയുത്തിയിട്ടില്ല.

ഹ്രസ്വകാല വായ്പ ഇനത്തിൽ 332.37 കോടി രൂപയും അതിന്റെ പലിശ 23.27 കോടിയും ദീർഘകാല വായ്പ 121 കോടിയും പലിശ 15 കോടിയും ഇപ്പോഴും കുടിശികയാണെന്നാണ് ഓഡിറ്റ് പരിശോധനയുടെ അടിസ്ഥാനത്തിൽ കെടിഡിഎഫ്സി പറയുന്നത്. ഇതിന്റെ തിരിച്ചടവ് കാലാവധി കഴിഞ്ഞെന്നും ഇപ്പോൾ ഒരു തിരിച്ചടവും നടക്കുന്നില്ലെന്നും അവരുടെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. കെഎസ്ആർടിസി കണക്കുകളിൽ ഇല്ലാത്തത് ഈ തുകയാണ്.

കൺസോർഷ്യം വായ്പ ഇനത്തിൽ കെടിഡിഎഫ്സി വിഹിതമായ തുക സംബന്ധിച്ച കണക്ക് ഒരുപോലെയാണ്. ആ തരത്തിൽ 150 കോടി വായ്പ കൈപ്പറ്റിയതിൽ 145 കോടി തിരിച്ചടയ്ക്കാനുണ്ട്. കെടിഡിഎഫ്സിയിൽനിന്ന് 2018 മാർച്ചിലെടുത്ത ഈ വായ്പ മാത്രമേ നിലവിലുള്ളൂവെന്നാണ് വിവരാവകാശ അന്വേഷണത്തിനു കെഎസ്ആർടിസി നൽകിയ മറുപടി. ഇതിന്റെ തിരിച്ചടവായി 4,32,950 രൂപ പ്രതിദിനം നൽകുന്നുമുണ്ട്. ഇനിയും 19 വർഷംകൊണ്ട് അടച്ചുതീർത്താൽ മതിയാകും.ഇനി കൺസോർഷ്യം വായ്പയല്ലാതെ മറ്റു വായ്പകൾ കെഎസ്ആർടിസിക്കു നൽകാനാകില്ലെന്നും കെടിഡിഎഫ്സി ലീഗൽ ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജർ നൽകിയ മറുപടിയിൽ പറയുന്നുണ്ട്. കെടിഡിഎഫ്സിയിൽനിന്നും വിവിധ ബാങ്കുകളിൽനിന്നുമായുള്ള 3100 കോടിയുടെ കൺസോർഷ്യം വായ്പയും 3816.81 കോടിയുടെ സർക്കാർ വായ്പയുമാണ് നിലവിലുള്ള മൊത്തം ബാധ്യതയായി കെഎസ്ആർടിസി പറയുന്നത്. അതേസമയം വായ്പത്തുക സംബന്ധിച്ച കണക്കുകളിലെ വ്യത്യാസം കെടിഡിഎഫ്സി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

Top